അമേരിക്കയുടെ ഉപരോധഭീഷണി വകവെക്കാതെ ഇന്ത്യയും റഷ്യയും മിസൈല്‍ കരാറില്‍ ഒപ്പുവെച്ചു

single-img
5 October 2018

യു.എസ് ഉപരോധഭീഷണി അവഗണിച്ച് റഷ്യയില്‍നിന്ന് അത്യാധുനിക മിസൈല്‍ സംവിധാനം വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചു. വ്യോമ പ്രതിരോധത്തിനുള്ള അത്യാധുനിക മിസൈല്‍ സംവിധാനമായ എസ് 400 ട്രയംഫ് വാങ്ങാനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.

ഇന്ത്യ സന്ദര്‍ശിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷമാണു കരാര്‍ ഒപ്പുവച്ചത്. 543 കോടി ഡോളറിന്റെ ( 40000 കോടി രൂപ) യുടേതാണ് കരാര്‍. റഷ്യയില്‍ നിന്ന് നാല് മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഇന്ത്യ വാങ്ങുന്നത്.

ഇന്ത്യയിലേക്ക് വരുന്ന മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവയെ തകര്‍ക്കും. 380 കിലോമീറ്റര്‍ അകലെവെച്ച് തന്നെ ശത്രുവിന്റെ ആയുധങ്ങളെ നശിപ്പിക്കാന്‍ ഇത് ഇന്ത്യയെ സഹായിക്കും. 2020 ല്‍ റഷ്യ ഇത് ഇന്ത്യയ്ക്കു നല്‍കി തുടങ്ങും. ഉപഭൂഖണ്ഡത്തിലെ പ്രതിരോധ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യക്ക് ഏറെ അനിവാര്യമാണ് എസ് 400 ട്രയംഫ് മിസൈല്‍ സംവിധാനം.

ഈ മിസൈല്‍ എത്തുന്നതോടെ ഇന്ത്യ ചൈന 4000 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ രാജ്യത്തിന്റെ വ്യോമപ്രതിരോധം കൂടുതല്‍ കരുത്തുറ്റതാകും. റഷ്യയുടെ അത്യാധുനിക വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനമാണ് എസ്400 ട്രയംഫ്. 2007 മുതല്‍ റഷ്യന്‍ സേനയുടെ ഭാഗം. ആക്രമണങ്ങളെ തടയാനും പ്രത്യാക്രമണത്തിനും ഉപയോഗിക്കാം.

കരയില്‍നിന്നു ആകാശത്തിലേക്കു (എസ്എഎം) തൊടുക്കാവുന്ന മിസൈല്‍ സംവിധാനമാണിത്. അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ പോലും തകര്‍ക്കാനുള്ള കരുത്തും ഇതിനുണ്ട്. ഇതിനൊപ്പം ബഹിരാകാശ രംഗത്തെ സഹകരണത്തിനുള്ള കരാറും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. കരാര്‍ പ്രകാരം സൈബീരിയയില്‍ ഇന്ത്യ ബഹിരാകാശ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കും.