മുസ്ലീം യുവതിയെ ഫോണിലൂടെ മൊഴി ചൊല്ലി: ഭര്‍ത്താവിനെതിരെ കേസെടുത്തു

single-img
5 October 2018

സ്ത്രീധനത്തിന്റെ പേരില്‍ മുസ്ലീം യുവതിയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്ന ആരോപണത്തില്‍ ഉത്തര്‍പ്രദേശിലെ ബഹറായിച്ച് പൊലീസ് യുവതിയുടെ ഭര്‍ത്താവിനെതിരെ കേസെടുത്തു. വിവാഹം കഴിഞ്ഞിട്ട് എട്ട് മാസം ആയെന്നും അന്നു മുതല്‍ ഭര്‍ത്താവിന്റെ മാതാവ് മകന് മോട്ടോര്‍ സൈക്കിള്‍ വാങ്ങിക്കാന്‍ 50,000 രൂപ സ്ത്രീധനമായി ചോദിച്ച് മര്‍ദ്ധിക്കുമായിരുന്നുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

‘സ്ത്രീധനത്തിന്റെ പേരില്‍ മകളെ അവളുടെ ഭര്‍തൃവീട്ടുകാര്‍ നിരന്തരം ഉപദ്രവിച്ചിരുന്നു. പീഢനം സഹിക്കാന്‍ കഴിയാതെ ആയപ്പോള്‍ മകളെ താന്‍ വീട്ടിലേക്ക് കൂട്ടികൊണ്ടു പോന്നു. എന്നാല്‍ മകളെ തിരിച്ചു കൊണ്ടു പോകാന്‍ സൗദിയിലുള്ള മകളുടെ ഭര്‍ത്താവ് സ്തീധനം ആവശ്യപ്പെട്ടു.

സ്ത്രീധനം ലഭിക്കില്ലെന്ന് ബോധ്യമായപ്പോള്‍ അയാള്‍ മൊഴി ചൊല്ലിയെന്നും യുവതിയുടെ മാതാവ് രേഷ്മ പറഞ്ഞു. പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസും സ്ഥിരീകരിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മുത്തലാഖ് നിയമ വിരുദ്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്.