വിരാട് കോഹ്‌ലിക്ക് 24ാം ടെസ്റ്റ് സെഞ്ചുറി; റിഷഭ് പന്ത് സെഞ്ചുറിക്ക് തൊട്ടരികിലെത്തി പുറത്തായി: ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

single-img
5 October 2018

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. ഇന്ത്യന്‍ സ്‌കോര്‍ 500 കടന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സെഞ്ചുറി നേടി. 184 പന്തില്‍നിന്നും ഏഴു ബൗണ്ടറി അടക്കമാണ് കോഹ്‌ലി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. കോഹ്‌ലിയുടെ 24ാം ടെസ്റ്റ് സെഞ്ചുറിയാണിത്.

അതേസമയം, ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ചു മുന്നേറിയ യുവതാരം ഋഷഭ് പന്ത് രണ്ടാം ടെസ്റ്റ് സെഞ്ചുറിക്ക് എട്ടു റണ്‍സ് മാത്രം അകലെ പുറത്തായി. 84 പന്തില്‍നിന്നും 92 റണ്‍സെടുത്ത് നില്‍ക്കെയാണ് പന്ത് പുറത്തായത്. അഞ്ചാം വിക്കറ്റില്‍ കോഹ്‌ലി–പന്ത് സഖ്യം 136 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

നാലു വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യയ്ക്കായി വിരാട് കോഹ്‌ലിയും ഋഷഭ് പന്തും ഏകദിന ശൈലിയിലാണ് തുടക്കമിട്ടത്. 63 പന്തില്‍ കോഹ്‌ലി–പന്ത് സഖ്യം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പൂര്‍ത്തിയാക്കി.

രണ്ടാം ദിനത്തിലെ ഏഴാം ഓവറില്‍ ഇരുവരും ഇന്ത്യന്‍ സ്‌കോര്‍ 400 കടത്തി. ഇതിനിടെ ഋഷഭ് പന്ത് ടെസ്റ്റിലെ രണ്ടാം അര്‍ധസെഞ്ചു പൂര്‍ത്തിയാക്കി (ആദ്യ അര്‍ധസെഞ്ചുറി പന്ത് സെഞ്ചുറിയിലെത്തിച്ചിരുന്നു). 57 പന്തില്‍ അഞ്ചു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതമാണ് പന്ത് അര്‍ധസെഞ്ചുറി പിന്നിട്ടത്.

117 പന്തില്‍ കോഹ്‌ലി–പന്ത് സഖ്യം സെഞ്ചുറി കൂട്ടുകെട്ടു പൂര്‍ത്തിയാക്കി. ഇന്ത്യന്‍ ഇന്നിങ്‌സിലെ മൂന്നാം സെഞ്ചുറി കൂട്ടുകെട്ടാണിത്. 103.6 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 450 കടന്നു. പിന്നാലെ കോഹ്‌ലി 24–ാം ടെസ്റ്റ് സെഞ്ചുറി പിന്നിട്ടു. 184 പന്തില്‍ ഏഴു ബൗണ്ടറി സഹിതമാണ് കോഹ്‌ലി 24–ാം ടെസ്റ്റ് സെഞ്ചുറിയിലേക്ക് എത്തിയത്.

നേരത്തെ, അരങ്ങേറ്റ ടെസ്റ്റിന് കന്നി സെഞ്ചുറിയുടെ തൊങ്ങല്‍ ചാര്‍ത്തിയ ഓപ്പണര്‍ പൃഥ്വി ഷായുടെയും 19–ാം ടെസ്റ്റ് അര്‍ധസെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയുടെയും മികവിലാണ് ആദ്യ ദിനം ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സെടുത്തത്.

ഷാ 154 പന്തില്‍ 19 ബൗണ്ടറികളോടെ 134 റണ്‍സെടുത്തു പുറത്തായി. പൂജാര 130 പന്തില്‍ 14 ബൗണ്ടറി സഹിതം 86 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ ഷാ–പൂജാര സഖ്യം ഇരട്ടസെഞ്ചുറി കൂട്ടുകെട്ടും (206), നാലാം വിക്കറ്റില്‍ കോഹ്‌ലി–രഹാനെ സഖ്യം സെഞ്ചുറി കൂട്ടുകെട്ടും (105) തീര്‍ത്താണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്. രഹാനെ 92 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 41 റണ്‍സെടുത്തു പുറത്തായി.