സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാന്‍ സി.പി.എം ഇടപെടില്ലെന്ന് കോടിയേരി: മണ്ഡലകാലത്ത് 500 വനിതാ പോലീസുകാരെ നിയമിക്കുമെന്ന് ഡിജിപി

single-img
5 October 2018

ശബരിമല വിധിയില്‍ നിലപാട് മയപ്പെടുത്തി സി.പി.എം. സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനും വരാനും സി.പി.എം ഇടപെടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യമുള്ളത്.

ശബരിമലയില്‍ പ്രാര്‍ഥിക്കാന്‍ ഭക്തരായ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ ലഭിച്ചിരിക്കുന്ന അവസരം ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് ഉപയോഗിക്കാം. താല്‍പ്പര്യമില്ലാത്തവര്‍ അങ്ങോട്ട് പോകണ്ട. സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനും വരാനും സി.പി.എം ഇടപെടില്ല.

അയ്യപ്പഭക്തരായ പുരുഷന്മാരുടെ ആരാധനാസ്വാതന്ത്ര്യത്തിലും സി.പി.എം ഇടപെട്ടിട്ടില്ല. ഇഷ്ടമുള്ളവര്‍ക്ക് പോകാം. ഇഷ്ടമില്ലാത്തവര്‍ പോകണ്ട എന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിട്ടുള്ളത്. അതെല്ലാം വിസ്മരിച്ച് വിശ്വാസികളുടെ വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ സി.പി.എം ഇടപെടുന്നുവെന്ന് ആരോപിക്കുന്നത് അസംബന്ധമാണെന്നും ലേഖനത്തില്‍ പറയുന്നു.

ഹിന്ദുസ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും ഇറങ്ങുന്ന കമ്യൂണിസ്റ്റുകാര്‍ ന്യൂനപക്ഷ സമുദായങ്ങളുടെ സ്ത്രീകളുടെ കാര്യങ്ങളില്‍ ഇറങ്ങാറില്ലല്ലോ എന്ന അഭിപ്രായം ചില ‘അയ്യപ്പസേവാ സംഘക്കാര്‍’ പറയുന്നുണ്ട്. ഇത്തരം ആക്ഷേപകര്‍ത്താക്കള്‍ ചരിത്രം അറിയാത്തവരോ അറിഞ്ഞിട്ടും അത് മറച്ചുപിടിക്കുന്നവരോ ആണ്.

ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ വിഷയത്തിലും ശരീഅത്ത് നിയമത്തിന്റെ മറവിലെ ബഹുഭാര്യത്വ പ്രശ്‌നത്തിലും സ്ത്രീകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുള്ള അചഞ്ചലമായ നിലപാടാണ് സി.പി.എം സ്വീകരിച്ചിട്ടുള്ളത്. ശബരിമല സ്ത്രീപ്രവേശന കാര്യത്തില്‍ ബി.ജെ.പി അധ്യക്ഷനും കെ.പി.സി.സി ഭാരവാഹികളും എല്‍.ഡി.എഫ് സര്‍ക്കാറിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ്.

പക്ഷേ സുപ്രീംകോടതി വിധിയെ സോണിയ ഗാന്ധി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. വിധിയെ സ്വാഗതം ചെയ്ത ബി.ജെ.പിയും കോണ്‍ഗ്രസും പിന്നീട് ചുവടുമാറിയിരുന്നു. തൊട്ടുപിന്നാലെയാണ് നിലപാട് മയപ്പെടുത്തി സി.പി.എമ്മും രംഗത്തെത്തിയത്.

അതേസമയം ശബരിമലയില്‍ പ്രായഭേദമന്യെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ സുരക്ഷയ്ക്കായി വനിതാ പോലീസുകാരെ നിയമിക്കുമെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ. മണ്ഡലകാലത്ത് 500 വനിതാ പോലീസുകാരെ ശബരിമലയില്‍ നിയമിക്കാനാണ് പദ്ധതി. നട തുറക്കുമ്പോള്‍ മുതല്‍ ഇവര്‍ ഡ്യൂട്ടിയിലുണ്ടാകുമെന്ന് ഡിജിപി അറിയിച്ചു.

സേനയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ 40 ശതമാനത്തോളം ഭക്തരുടെ വര്‍ധനവാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ വനിതാ പോലീസുകാരെ നിയമിക്കാന്‍ തീരുമാനം.