ഷിമ്രോണെ ജഡേജ റണ്ണൗട്ടാക്കിയ രീതി കണ്ട് മൂക്കത്ത് കൈവെച്ച് ടീം ഇന്ത്യ: വീഡിയോ

single-img
5 October 2018

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെ ഇന്നിംഗ്‌സ് പരാജയം തുറിച്ചുനോക്കുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 649 റണ്‍സിനു മറുപടിയായി ബാറ്റിംഗ് ആരംഭിച്ച വെസ്റ്റിന്‍ഡീസ് ആറിനു 94 എന്ന നിലയില്‍ തകര്‍ന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ റോസ്റ്റന്‍ ചേസും (27) കീമോ പോളുമാണ് (13) ക്രീസില്‍. വെസ്റ്റിന്‍ഡീസ് ഇപ്പോഴും 555 റണ്‍സ് പിന്നിലാണ്.

മത്സരത്തില്‍ ജഡേജ ഒരു റണ്ണൗട്ട് നടത്തിയത് ക്രിക്കറ്റ് പ്രേമികളെയെല്ലാം അമ്പരപ്പിക്കും വിധമായിരുന്നു. വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരുടെ ആശയക്കുഴപ്പത്തില്‍ രൂപപ്പെട്ട വിക്കറ്റ് അത്ഭുതപ്പെടുത്തിയാണ് ജഡേജ നേടിയത്. രണ്ടു ബാറ്റ്‌സ്മാന്‍മാരും ബാറ്റിങ്ങ് സ്‌ട്രൈക്കിലെത്തിയപ്പോള്‍ പന്ത് കിട്ടിയ ജഡേജ സാവധാനം നോണ്‍ സ്‌ട്രൈക്കിങ്ങ് എന്‍ഡിലേക്ക് നടക്കുകയായിരുന്നു.

ഉടന്‍ വിന്‍ഡീസ് താരം ഷിമ്രോണ്‍ നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലേക്ക് ഓടിയടുക്കുകയും ചെയ്തു. എന്നാല്‍ സ്റ്റംപ്‌സിനു സമീപത്ത് നിന്ന് ജഡേജ അപകടകരമായ രീതിയില്‍ വിക്കറ്റ് ലക്ഷ്യമാക്കി പന്തെറിയുകയായിരുന്നു. പന്ത് ലക്ഷ്യത്തിലെത്തിയെങ്കിലും ഇന്ത്യന്‍ താരങ്ങളെല്ലാം ജഡേജയുടെ നീക്കത്തില്‍ ഞെട്ടിപോവുകയായിരുന്നു. സമീപത്തുണ്ടായ അശ്വിനും കോഹ്ലിയും ഉള്‍പ്പെടെയുള്ളവര്‍ ഇത് പ്രകടിപ്പിക്കുകയും ചെയ്തു.