സ്വാതന്ത്ര്യ സമരത്തിന് വേണ്ടി ബിജെപിക്കാരുടെ വീട്ടിലെ പട്ടിപോലും ചത്തിട്ടില്ല: തുറന്നടിച്ച് മല്ലികാര്‍ജുന്‍ ഗാര്‍ഖെ

single-img
5 October 2018

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസിന്റേയും ബിജെപിയുടേയും പങ്കാളിത്തമുണ്ടായിട്ടില്ലെന്ന വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നടത്തി വരുന്ന ‘ജന സംഘര്‍ഷ് യാത്ര’യുടെ രണ്ടാം ഘട്ടത്തില്‍ ജാല്‍ഗണ്‍ ജില്ലയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് സംഘപരിവാറിനെതിരെ നിശിതമായി പരിഹസിച്ചത്.

ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ വീട്ടിലെ പട്ടിപോലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവന്‍ നല്‍കിയിട്ടില്ല. കോണ്‍ഗ്രസുകാര്‍ തങ്ങളുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ചവരാണ്. രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടി ഇന്ദിരാഗാന്ധി സ്വന്തം ജീവിതം ബലി നല്‍കി.

രാജീവ് ഗാന്ധി ഇന്ത്യയ്ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ചു. പറയൂ, ഏതെങ്കിലും ഒരു ആര്‍എസ്എസ്, ബിജെപി നേതാവിന്റെ വീട്ടിലെ പട്ടിയെങ്കിലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി മരിച്ചിട്ടുണ്ടോ? പറയൂ, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് നിങ്ങളുടെ ഏത് നേതാവാണ് ജയിലില്‍ കിടന്നിട്ടുള്ളത്? ഖാര്‍ഗെ ചോദിച്ചു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും ലോക്‌സഭയില്‍ ഖാര്‍ഗെ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഗാന്ധിജിയെയും ഇന്ദിരാഗാന്ധിയെയും പോലുള്ള നേതാക്കള്‍ രാജ്യത്തിനുവേണ്ടി ജീവന്‍ കൊടുത്തു. നിങ്ങള്‍ക്കിടയില്‍നിന്ന് ഏതു നേതാവാണ് അങ്ങനെയുള്ളത്? ഒരു പട്ടിയെ എങ്കിലും ചൂണ്ടിക്കാണിക്കാനുണ്ടോ? എന്നായിരുന്നു അന്ന് ഖാര്‍ഗെയുടെ ചോദ്യം.

പിന്നീട് ലോക്‌സഭയില്‍ വെച്ചുതന്നെ മോദി ഈ ചോദ്യത്തോട് പ്രതികരിക്കുകയും ചെയ്തിരുന്നു. ഭഗത് സിങ്ങിനെയും ചന്ദ്രശേഖര്‍ ആസാദിനെയും പോലുള്ള നേതാക്കളുടെ പേരുകള്‍ കോണ്‍ഗ്രസ് ഒരിക്കലും പറയാറില്ല. അവര്‍ വിചാരിക്കുന്നത് ഒരു കുടുംബം മാത്രമാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നത് എന്നാണ് -മോദി പറഞ്ഞിരുന്നു.