കടകംപളളി സുരേന്ദ്രന് സ്ത്രീധനം കിട്ടിയ സ്ഥലമാണോ ശബരിമല; നിന്റേയൊക്കെ ചെങ്കൊടി ഞങ്ങള്‍ റോഡിലിട്ട് കത്തിക്കും: പ്രകോപന പ്രസംഗവുമായി എഎന്‍ രാധാകൃഷ്ണന്‍

single-img
5 October 2018

ആലപ്പുഴ: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെയും സിപിഎം മന്ത്രിമാരെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രിമാര്‍ വിഡ്ഢിത്തം വിളമ്പുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ തോമസ് ഐസക്ക് ശബരിമലയ്ക്ക് എതിരാണ്. ഇപ്പോ കടകംപളളി സുരേന്ദ്രന്‍ പറയുന്നു ഒരു ദിവസം ലക്ഷം ആളുകള്‍ ശബരിമലയില്‍ പോയാല്‍ മതിയെന്ന്. ഇയാള്‍ക്ക് സ്ത്രീധനം കിട്ടിയ സ്ഥലമാണോ ഇത്. തിരുപ്പതി മോഡലാക്കാന്‍ ഇയാളാരാണ്. ശബരിമലയെ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ മുന്നോട്ട് വന്നാല്‍ നിന്റേയൊക്കെ ചെങ്കൊടി ഞങ്ങള്‍ റോഡിലിട്ട് കത്തിക്കും- രാധാകൃഷ്ണന്‍ പറഞ്ഞു.

ഇന്ന് പറയുന്നു ഒരു ദിവസം ഒരു ലക്ഷം പേര്‍ ശബരിമലയില്‍ പോയാല്‍ മതിയെന്ന്. നാളെ പറയും ബര്‍മുഡ ഇട്ട് പോയാല്‍ മതിയെന്ന്, പിന്നെ പറയും തേങ്ങയ്ക്ക് പകരം കോഴിമുട്ട ഉടച്ചാല്‍ മതിയെന്ന്. ഇതൊക്കെ തീരുമാനിക്കാന്‍ ഇവരാരാ. കഴിഞ്ഞ ദിവസം സുധാകരനും വിവരക്കേട് പറയുന്നു.

ജനങ്ങള്‍ക്കെതിരായി യുദ്ധപ്രഖ്യാപനം നടത്തുകയാണ് സര്‍ക്കാര്‍- അദ്ദേഹം ആരോപിച്ചു. പാവങ്ങളോട് സ്‌നേഹം വേണ്ടെ, മോദിക്ക് അത് അറിയാം. എന്നാല്‍ ഇവരുടെ മക്കളൊക്കെ അമേരിക്കയിലാണ് പഠിക്കുന്നത്. പിണറായി വിജയന്‍ പോലും ചികിത്സയെന്നും പറഞ്ഞ് അമേരിക്കയിലേക്ക് പറന്നു. പ്രളയക്കെടുതിയില്‍ അകപ്പെട്ട ആര്‍ക്കും പണമോ വീടോ ഒന്നും നല്‍കുന്നില്ല. ഇതിനിടെയാണ് ഇവരുടെ ഉല്ലാസയാത്രയെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.