‘സഹപാഠികളെന്നെ വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു’; അക്കായ് പദ്മശാലി പറയുന്നു

single-img
5 October 2018

കഠിനമായ ജീവിതസാഹചര്യങ്ങളോടു പടവെട്ടി അതിജീവിനത്തിന്റെ പ്രതീകങ്ങളായി മാറിയവരുടെ കഥകളാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെയ്ക്കാറുള്ളത്. ഇത്തവണ കര്‍ണാടകക്കാരിയായ അക്കായ് പദ്മശാലിയെന്ന പോരാളിയുടെ അനുഭവവുമായാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ എത്തിയത്.

ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുകയാണ് അക്കായ്. ജഗദീഷെന്ന പേരില്‍ ആണായിട്ടായിരുന്നു ജനനം. പക്ഷെ, ഉള്ളിലെ സ്ത്രീയെ തിരിച്ചറിഞ്ഞു. എന്നാല്‍, ചുറ്റുമുള്ളവരൊന്നും അത് അംഗീകരിക്കാന്‍ തയ്യാറായില്ല. അതിന്റെ പേരില്‍ ഒരുപാട് അനുഭവിച്ചുവെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്: എട്ടാമത്തെ വയസില്‍, ഞാന്‍ വീട്ടില്‍ നിന്ന് എല്ലാവരും എങ്ങോട്ടെങ്കിലും പോവാന്‍ കാത്തിരുന്നു. തനിച്ചാകുമ്പോഴാണ് ഞാന്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിച്ചത്. ആരുമില്ലാത്തപ്പോഴൊക്കെ ഞാനൊരു ടവ്വല്‍ തലയില്‍ ചുറ്റി.

അമ്മയുടെ കണ്‍മഷിയും, ലിപ്സ്റ്റിക്കും ഉപയോഗിച്ചു, അവരുടെ ബ്രാ ഉപയോഗിച്ചു, സാരിയുടുത്തു. അങ്ങനെ ഞാനൊരു പെണ്ണായി മാറി. എന്റെ കണ്ണാടിക്ക് മാത്രമാണ് എന്റെ യഥാര്‍ത്ഥ സ്വത്വം അറിയാമായിരുന്നത്. ജഗദീഷ് എന്നായിരുന്നു എന്റെ പേര്. അവനൊരു ആണ്‍കുട്ടിയായിരുന്നു.

സമൂഹത്തില്‍ നിന്നുള്ള അംഗീകാരത്തിനായി ശ്രമിക്കുകയായിരുന്നു. സ്‌കൂള്‍ കാലഘട്ടം കഠിനമായിരുന്നു. സ്ത്രീകളെ പോലുള്ള എന്റെ പെരുമാറ്റങ്ങള്‍ കളിയാക്കലുകള്‍ക്ക് കാരണമായി. ആണ്‍കുട്ടികളെന്നെ കോമ്പസ് കൊണ്ട് കുത്തി, റൂളറുപയോഗിച്ച് ചോര വരും വരെ അടിച്ചു.

സ്‌കൂളിലെ പരിപാടികളില്‍ ഞാന്‍ പെണ്ണായി വേഷമിട്ടു. അവിടെയാണ് എനിക്കൊരു സമാധാനം കിട്ടിയിരുന്നത്. പക്ഷെ, കാര്യങ്ങള്‍ പിന്നെയും വഷളായി വരികയായിരുന്നു. ‘നിന്റെ ശരീരത്തിന്റെ താഴ്ഭാഗം കാണിക്കൂ. അവിടെ എന്താണുള്ളതെന്ന് നമ്മള്‍ നോക്കട്ടെ’ എന്ന് പറഞ്ഞ് അവരെന്നെ ഉപദ്രവിച്ചുകൊണ്ടേയിരുന്നു. ഒരു ദിവസം സഹപാഠികളെന്നെ ടോയിലെറ്റിലേക്ക് വലിച്ചിഴച്ചു, അവരെന്നെ പീഡിപ്പിച്ചു.

എന്റെ വീട്ടുകാര്‍ക്കും ഞാന്‍ അപമാനമായിരുന്നു. ആരുടെയോ ഉപദേശം കേട്ട് എന്റെ പെണ്‍കുട്ടികളെപ്പോലുള്ള പെരുമാറ്റം മാറ്റുന്നതിനായി അച്ഛനെന്റെ കാലിലേക്ക് ചൂടുവെള്ളമൊഴിച്ചു. മൂന്നു മാസത്തേക്ക് എനിക്ക് പുറത്തിറങ്ങാനായില്ല. എനിക്കിതെല്ലാം അവസാനിപ്പിക്കാനും ആത്മഹത്യ ചെയ്യാനും തോന്നി.

പക്ഷെ, ഞാന്‍ മരിച്ചില്ല. അതിന് കാരണമുണ്ടായിരുന്നു. കാരണം, പെട്ടെന്ന് ഞാന്‍ ചിന്തിച്ചു തുടങ്ങിയിരുന്നു, ഇവിടെയുള്ള മറ്റേതൊരു പുരുഷനെ പോലെയും സ്ത്രീയെ പോലെയും എനിക്കും ഇവിടെ നല്ലൊരു ജീവിതം ജീവിക്കാന്‍ അര്‍ഹതയുണ്ട്. ഇതൊന്നും എന്റെ കുറ്റം കൊണ്ടല്ല.

ഒരിക്കല്‍, ഞാന്‍ സമീപത്തെ പാര്‍ക്കില്‍ പോയി. അവിടെ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം ഇരിക്കുന്നത് ഞാന്‍ കണ്ടു. ഞാനവരുടെ അടുത്ത് പോയി. എന്റെ പ്രയാസങ്ങളെ കുറിച്ച് പറഞ്ഞു. അവരെന്നെ തുറന്ന കൈകളോടെ സ്വീകരിച്ചു. അവരെന്റെ മുടിയില്‍ പൂക്കള്‍ വരെ ചൂടിച്ചു.

അവിടെ വച്ചാണ് ഞാനെന്റെ യഥാര്‍ത്ഥ കുടുംബത്തെ കണ്ടുമുട്ടുന്നത്. പക്ഷെ, മുന്നോട്ടുള്ള എന്റെ യാത്ര ഒട്ടും അനായാസമായിരുന്നില്ല. എനിക്ക് യാചിക്കേണ്ടി വന്നു. എന്നെ തന്നെ വില്‍ക്കേണ്ടി വന്നു. നാല് വര്‍ഷം ഞാനിതു തുടര്‍ന്നു. എനിക്ക് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യണമായിരുന്നു.

അതിനുവേണ്ടി പണം കണ്ടെത്തണമായിരുന്നു. അതുമാത്രം പോരാ എന്നെനിക്കറിയാം. കൂടുതലെന്തൊക്കെയോ ചെയ്യാനുണ്ട്.
20014ല്‍ അതുകൊണ്ട് തന്നെ ഞാനൊരു ഓര്‍ഗനൈസേഷനില്‍ ചേര്‍ന്നു. സംസ്ഥാനത്തെ ട്രാന്‍സ് സമൂഹത്തിന്റെ ജീവിതാവസ്ഥയിലെ മാറ്റങ്ങളെ കുറിച്ച് പഠിക്കാനുള്ളതായിരുന്ന അത്. പിന്നീടാണ്, ‘ഒണ്‍ഡേഡെ’ എന്ന സംഘടന രൂപം കൊള്ളുന്നത്. കുട്ടികള്‍ക്കും ലൈംഗികന്യൂനപക്ഷങ്ങള്‍ക്കും വേണ്ടിയുള്ള സംഘടനയായിരുന്നു അത്.

കഴിഞ്ഞ 25 വര്‍ഷങ്ങളായി ഞാനെന്റെ സമൂഹത്തിന്റെ അടിസ്ഥാന അവകാശങ്ങള്‍ക്കായി പോരാടുന്നുണ്ട്. അന്നുമുതലാണ് എന്റെ ശബ്ദം പുറത്തേക്കെത്തിയത്. ഞാന്‍ പ്രസിഡണ്ടിന്റെ പ്രത്യേക ക്ഷണിതാവായി. ടെഡ് എക്‌സ് ടാക്കില്‍ എന്റെ ജീവിതത്തെ കുറിച്ച് സംസാരിച്ചു.

എന്നെ സ്‌നേഹിക്കുന്ന, പൂര്‍ണമായും ഞാനെന്താണെന്ന് ബോധ്യമുള്ള ഒരാള്‍ എന്നെ വിവാഹം കഴിച്ചു. കര്‍ണാടകയിലെ ആദ്യ ഭിന്ന വിവാഹം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കോടതി ആര്‍ട്ടിക്കിള്‍ 377 റദ്ദാക്കിയ വിധി കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞുപോയി. കാരണം, നമുക്ക് ശ്വസിക്കാമെന്നായിരിക്കുന്നു അവസാനം.