ശബരിമല വിഷയത്തില്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി; ബി.ജെ.പി സമരമുഖത്തേക്കെന്ന് പി.എസ്. ശ്രീധരന്‍ പിള്ള; സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് ജസ്റ്റിസ് കട്ജു

single-img
4 October 2018

കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് എംപിയും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി. വിശ്വാസത്തെ മാനിക്കണം. യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പം നില്‍ക്കണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇക്കാര്യത്തില്‍ ലീഗ് നേരത്തെ ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കണമെന്ന സത്യവാങ്മൂലം ലീഗ് അംഗീകരിച്ചതാണ്. സ്ത്രീശാക്തീകരണവും പരിഷ്‌കാരങ്ങളും എല്ലാമേഖലയിലും വേണ്ടത് തന്നെയാണ്.

അത് പോലെ തന്നെ ഈശ്വര വിശ്വാസികളുടെ വിശ്വാസങ്ങളും മാനിക്കണം. അതെല്ലാം കൂട്ടിയോജിപ്പിച്ച് പോകേണ്ട കാര്യമാണ്.
അതേസമയം ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഒളിച്ചുകളി സംശയാസ്പദമാണ്. പല താത്പര്യങ്ങളും മുന്നില്‍ കണ്ടാണ് കേന്ദ്രം നിലപാടുകളെടുക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതിനിടെ, ശബരിമലയിലെ യുവതി പ്രവേശനത്തില്‍ ഉണ്ടായ നിര്‍ഭാഗ്യകരമായ സുപ്രീം കോടതി വിധിക്കെതിരെ വിശ്വാസി സമൂഹം ആരംഭിച്ചിട്ടുള്ള സമരത്തിന് ബിജെപി പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനായി ബിജെപി സംസ്ഥാന നേതാക്കള്‍, സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ളയുടെ നേത്യത്വത്തില്‍ ഇന്ന് കോട്ടയത്ത് വച്ച് ശബരിമല തന്ത്രി കുടുംബാംഗങ്ങളെയും, വിവിധ ഹൈന്ദവ ആചാര്യന്മാരെയും, പന്തളം രാജകുടുംബാംഗങ്ങളെയും സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ശബരിമല സ്ത്രീപ്രവേശനുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയോട് രൂക്ഷമായി പ്രതികരിച്ച് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. രാജ്യത്തെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിലെയും ഗുരുദ്വാരകളിലെയും മുസ്ലീം പള്ളികളിലെയും ആചാരങ്ങള്‍ മാറ്റാന്‍ കോടതിക്കാകുമോയെന്ന കട്ജു ചോദിക്കുന്നു.

തന്റെ ട്വിറ്റര്‍ പേജ് വഴിയാണ് കട്ജുവിന്റെ പ്രതികരണം. മറ്റുമതങ്ങളിലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്ക് കൂടി ശബരിമലക്കേസിലെ വിധി വഴിയൊരുക്കുമെന്ന് കട്ജു ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളെ പ്രവേശിപ്പിക്കാത്തതും പുരുഷന്മാരെ പ്രവേശിപ്പിക്കാത്തതുമായ ചില ക്ഷേത്രങ്ങളിലെ ആചാരങ്ങളില്‍ കോടതി ഇടപെട്ട് മാറ്റം കൊണ്ടുവരുമോ, ആചാരങ്ങളുടെ യുക്തി പരിശോധിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും കട്ജു പറഞ്ഞു.

ശബരിമലക്കേസിലെ വിധി പുനഃപരിശോധിക്കാന്‍ ഏഴംഗ ബെഞ്ചിന് രൂപംകൊടുക്കുക എന്നതാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കു മുന്നിലുള്ള ഒരുമാര്‍ഗം. അല്ലെങ്കില്‍ രാജ്യത്തെ എല്ലാ മുസ്ലീം പള്ളികളിലും ശബരിമലക്കേസിലെ വിധിക്ക് സമാനമായ വിധികള്‍ പുറപ്പെടുവിക്കുകയാണ് വേണ്ടതെന്നും കട്ജു ട്വീറ്റ് ചെയ്യുന്നു.