Sports

പൃഥ്വി ഷാ അഥവാ ഭാവി സച്ചിന്‍

ഇന്ത്യന്‍ ടീമിന്റെ 293ാം നമ്പര്‍ ക്യാപ്പണിഞ്ഞ് മൈതാനത്തിറിങ്ങിയ പൃഥ്വി ഷാ അരങ്ങേറ്റം ഗംഭീരമാക്കി. ഇന്ത്യയ്ക്കായി അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമാണ് ഷാ. 18 വയസും 329 ദിവസവുമാണ് പൃഥ്വി ഷായുടെ പ്രായം.

ഇന്ത്യക്ക് വേണ്ടി അരങ്ങേറുന്ന നാലാമത്തെ പ്രായം കൂറഞ്ഞ ബാറ്റ്‌സ്മാന്‍ കൂടിയാണ് പൃഥ്വി ഷാ. സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാന്‍. 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിന്‍ അരങ്ങേറിയത്. 17 വര്‍ഷവും 265 ദിവസവും എത്തിനില്‍ക്കേ വിജയ് മെഹ്‌റ ഇന്ത്യന്‍ ടെസ്റ്റ് കുപ്പായത്തില്‍ അരങ്ങേറി.

എ. ജി. മില്‍ഖ സിങ് ഇന്ത്യക്ക് വേണ്ടി അരങ്ങേറുമ്പോള്‍ 18 വയസും 13 ദിവസവുമായിരുന്നു. പിന്നാലെ മുംബൈക്കാരന്‍ പൃഥ്വി ഷായും. മുംബൈ തെരുവുകളില്‍ നിന്നാണ് ഷാ ക്രിക്കറ്റിന്റെ ആദ്യാക്ഷരങ്ങള്‍ പഠിച്ചത്. പിന്നീട് ഇന്ത്യയുടെ അണ്ടര്‍ 19 പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ പ്രൊഫഷനല്‍ തലത്തിലേക്കുയര്‍ന്നു.

ഷോട്ടുതിര്‍ക്കുമ്പോള്‍ പിന്‍കാല് വയ്ക്കുന്നതില്‍ ചെറിയ പിഴവുണ്ടായിരുന്നു. രാഹുല്‍ ദ്രാവിഡിന് കീഴിലെത്തിയപ്പോഴാണ് ഇതിന് പരിഹാരമായതെന്ന് ഷാ പറയുന്നു. ‘തനിക്ക് എന്താണോ ഇഷ്ടം അതിനുസരിച്ച് സ്വന്തം കഴിവില്‍ വിശ്വസിച്ച് ബാറ്റുചെയ്യണമെന്ന ദ്രാവിഡിന്റെ ഉപദേശമാണ് തന്റെ ആത്മവിശ്വാസത്തിന് പിന്നിലെന്ന് ഷാ പറയുന്നു.

പുറത്ത് എന്തു നടക്കുമ്പോഴും ഉള്ളില്‍ ശാന്തനായി കളിക്കാന്‍ കഴിയുന്നതാണ് പൃഥ്വിയുടെ മികവ്. സമ്മര്‍ദങ്ങള്‍ക്ക് കീഴ്‌പ്പെടുന്നവനല്ല. മികവ് മെച്ചപ്പെട്ടു വരുന്നു. ഐപിഎല്ലില്‍ ഷായുടെ ബാറ്റിങ് കണ്ട് മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാര്‍ക്ക് വോ പറഞ്ഞത്, ഇതു സച്ചിന്‍ തന്നെയെന്നാണ്.

മുംബൈ നഗരത്തിനു പുറത്തുള്ള വിരാര്‍ ആണ് പൃഥ്വിയുടെ നാട്. നഗരത്തിലേക്ക് രണ്ടു മണിക്കോറോളം യാത്ര ചെയ്തായിരുന്നു കുട്ടിക്കാലത്തെ ക്രിക്കറ്റ് പരിശീലനം. പുലര്‍ച്ചെ നാലരയ്ക്ക് അച്ഛനും മകനും മുംബൈയിലെ ബാന്ദ്രയിലേക്ക് യാത്രചെയ്യും. അവിടെയായിരുന്നു പരിശീനം.

ചെറുപ്പത്തിലേ അമ്മ മരിച്ചുപോയതിനാല്‍ ചെറുകിട കച്ചവടക്കാരനായ അച്ഛനായിരുന്നു ഷായുടെ എല്ലാം. മൂന്നാം വയസ്സില്‍ തന്നെ വിരാര്‍ ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ന്നു. പയ്യന്റെ മികവും ആഗ്രഹവും മനസിലാക്കിയ പിതാവ് പിന്നീട് കച്ചവടം ഉപേക്ഷിച്ച് മകന്റെ ക്രിക്കറ്റ് കരിയറിനു വേണ്ടി നിന്നു.

തകര്‍ക്കാനാവാത്തൊരു സ്‌കൂള്‍ റെക്കോര്‍ഡ്

സ്‌കൂള്‍ ക്രിക്കറ്റിലെ നമ്പര്‍ വണ്‍ ടൂര്‍ണമെന്റായ ഹാരിസ് ഷീല്‍ഡ് ട്രോഫിയിലൂടെയാണ് പൃഥ്വി ഷാ വാര്‍ത്താതലക്കെട്ടില്‍ ഇടം പിടിക്കുന്നത്. അണ്ടര്‍ 16 സ്‌കൂള്‍ ടൂര്‍ണമെന്റില്‍ റിസ്‌വി സ്പ്രിങ്ഫീല്‍ഡ് സ്‌കൂളിനായി പൃഥ്വി നേടിയത് 300 പന്തില്‍ 546 എന്ന ലോകറെക്കോര്‍ഡ്. ഭാവി സച്ചിന്‍ എന്ന് മാധ്യമങ്ങളൊന്നടങ്കം ഷായെ വിശേഷിപ്പിച്ചത് ഇവിടം മുതലാണ്. ഔദ്യോഗിക ഇന്റര്‍ സ്‌കൂള്‍ മത്സരത്തില്‍ 500 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടവും പൃഥ്വിഷായുടെ പേരിലായി. ഈ റെക്കോര്‍ഡിന് കൂട്ടായി ഇതുവരെ ആരും എത്തിയിട്ടില്ല. ഭാവി സച്ചിന്‍ എന്ന പേര് അവിടെകൊണ്ട് തീരുന്നതായിരുന്നില്ല പൃഥ്വി ഷായുടെ പിന്നീടുള്ള പ്രകടനങ്ങള്‍.

അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യക്ക് നേടിതന്നു

മുഹമ്മദ് കൈഫും, കോഹ്ലിയും ഉന്മുക്ത് ചന്ദും മാത്രമല്ല. അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യക്ക് നേടിതന്ന നായകന്‍ കൂടിയാണ് ഷാ. കോഹ്ലിക്ക് പോലും നേടാനാവാത്തൊരു നേട്ടവും ഷാ ആ ടൂര്‍ണമെന്റില്‍ നേടി ശ്രദ്ധേയമായിരുന്നു. 6 ഇന്നിങ്‌സുകളില്‍ നിന്നായി 261 റണ്‍സാണ് ഷാ അടിച്ചെടുത്തത്. അതായത് ഒരു ഇന്ത്യന്‍ നായകന്‍ ലോക ജൂനിയര്‍ ടൂര്‍ണമെന്റില്‍ നേടുന്ന ഉയര്‍ന്ന സ്‌കോര്‍.

രഞ്ജിയിലും ഞെട്ടിച്ച പ്രകടനം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ എല്ലാമായ രഞ്ജി ട്രോഫിയിലും ഷാ, തന്റേതായ മുദ്രപതിപ്പിച്ചു. മുംബൈക്ക് വേണ്ടി അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി. തമിഴ്‌നാടിനെതിരെ സെമിഫൈനലിലായിരുന്നു ഷായുടെ അരങ്ങേറ്റ സെഞ്ച്വറി. ഷായുടെ സെഞ്ച്വറിയുടെ കൂടെ ബലത്തിലാണ് അന്ന് മുംബൈ രഞ്ജി ട്രോഫി ഫൈനലിലെത്തിയത്. മുംബൈക്കായി അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാവാനും പൃഥ്വിക്കായി. സാക്ഷാല്‍ സച്ചിനായിരുന്നു ഷായുടെ മുന്‍ഗാമി. ദുലീപ് ട്രോഫി അരങ്ങേറ്റത്തിലും പൃഥ്വി ഷാ സെഞ്ച്വറി സ്വന്തമാക്കി ഞെട്ടിച്ചിരുന്നു.