മാസാദ്യമായതിനാല്‍ പ്രവാസികള്‍ക്ക് ശരിക്കും ‘കോളടിച്ചു’

single-img
4 October 2018

രാജ്യാന്തര വിപണിയില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു. ഡോളറിനെതിരായ വിനിമയനിരക്ക് 73.75 രൂപയില്‍ എത്തി. ഇതു ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ്. ഇന്നുമാത്രം 40 പൈസയുടെ ഇടിവാണ് ഉണ്ടായത്. എണ്ണവില വര്‍ധിക്കുന്നത് വിദേശനാണ്യ ശോഷണത്തിനു കരണമാകുമെന്നതും ആര്‍ബിഐ നയപ്രഖ്യാപനത്തില്‍ അടിസ്ഥാനനിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യതയും രൂപയ്ക്കു തിരിച്ചടിയാകുന്നു.

അതിനിടെ ചരിത്രത്തില്‍ ആദ്യമായി ഖത്തര്‍ റിയാലിന്റെ വിനിമയ നിരക്ക് 20 രൂപ മറികടന്നു. ഇന്നലെ ഒരു റിയാലിന് 20.15 രൂപ വരെയായിരുന്നു വിനിമയ നിരക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലെത്തിയതോടെയാണു റിയാലിന്റെ വിനിമയ നിരക്കും റെക്കോര്‍ഡുകള്‍ ഭേദിച്ചത്.

ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 73.41 വരെ താഴ്ന്നിരുന്നു. മാസാദ്യമായതിനാല്‍ പ്രവാസികള്‍ക്കു വേതനം ലഭിക്കുന്ന സമയമാണ്. അതുകൊണ്ടുതന്നെ വിനിമയ നിരക്കിലുണ്ടായ വര്‍ധന പ്രവാസികള്‍ക്ക് ഉപകാരമായി. വിനിമയ നിരക്ക് ഏറ്റവും ഉയര്‍ന്നു നിന്നിരുന്ന ഇന്നലെ രാവിലെ മണി എക്‌സ്‌ചേഞ്ചുകളില്‍ പണമയയ്ക്കുന്നതിനു തിരക്കുണ്ടായി.

ഓണ്‍ലൈന്‍ ബാങ്കിങ് വഴിയും ധാരാളം പേര്‍ നാട്ടിലേക്കു പണമയച്ചു. ഈവര്‍ഷം ആദ്യം ഉണ്ടായിരുന്നതിനേക്കാള്‍ രണ്ടര രൂപയോളമാണ് ഇപ്പോള്‍ ഒരു റിയാലിന് അധികം ലഭിക്കുന്നത്. ഫലത്തില്‍ ആയിരം റിയാല്‍ നാട്ടിലേക്ക് അയയ്ക്കുന്ന ഒരാള്‍ക്ക് ഇതു മൂലം 2500 രൂപ അധികം കിട്ടും.

കൂടുതല്‍ തുക അയയ്ക്കാന്‍ കഴിഞ്ഞാല്‍ ലഭിക്കുന്ന നേട്ടവും കൂടും. ഉയര്‍ന്ന വിനിമയ നിരക്ക് പ്രയോജനപ്പെടുത്തി നാട്ടിലേക്കു പണമയയ്ക്കുന്നവരുടെ എണ്ണം വര്‍ധിച്ചെന്നു മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ പറഞ്ഞു. വിനിമയ നിരക്ക് ഇനിയും കൂടാനുള്ള സാധ്യത കണക്കിലെടുത്ത് നാട്ടിലേക്കു പണമയ്ക്കാന്‍ അല്‍പം കൂടി കാത്തിരിക്കാമെന്നു കരുതുന്നവരുമുണ്ട്.