9 രൂപയോളം നികുതി കൂട്ടിയ ശേഷം 1.50 രൂപ കുറച്ചു: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമായി ഇന്ധന വിലകുറച്ച കേന്ദ്രനടപടിയില്‍ കനത്ത പ്രതിഷേധം

single-img
4 October 2018

തെരഞ്ഞെടുപ്പ് അടുത്തതോടെ ഇന്ധന വില രണ്ടര രൂപ കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം. എക്‌സൈസ് തീരുവ ഒന്നര രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ കുറവ് വരുത്തിയിരിക്കുന്നത്. എണ്ണ കമ്പനികള്‍ ഒരു രൂപയും കുറച്ചു. ഇതോടെ രണ്ടര രൂപയാണ് മൊത്തം വിലയില്‍ കുറവ് വരിക.

ധനമന്ത്രി തോമസ് ഐസക് രൂക്ഷമായ ഭാഷയിലാണ് ഇതിനെതിരെ രംഗത്തുവന്നത്. വലിയ വര്‍ധന വരുത്തിയ ശേഷം ചെറിയ കുറവ് വരുത്തുകയാണ് ജെയ്റ്റ്‌ലി ചെയ്തതെന്നും അതിനെ വലിയ കാര്യമായി സംസ്ഥാനം കാണുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു.

ആദ്യം ജെയ്റ്റ്‌ലി വര്‍ധിപ്പിച്ച നികുതി കുറയ്ക്കണം. 9 രൂപയോളം നികുതി കൂട്ടിയ ശേഷം 1.50 രൂപയാണ് ഇപ്പോള്‍ കുറച്ചത്. കേരള സര്‍ക്കാര്‍ ഇതിന് മുന്‍പ് തന്നെ നികുതി കുറച്ചുകഴിഞ്ഞു. അദ്ദേഹം ധനകാര്യമന്ത്രിയായതിന് പിന്നാലെയാണ് വലിയ തോതില്‍ നികുതി വര്‍ധിപ്പിച്ചത്.

ഇപ്പോള്‍ 10 ശതമാനം മാത്രമാണ് നികുതിയിനത്തില്‍ കുറച്ചത്. ഇനി 90 ശതമാനം കുറക്കട്ടെ. അപ്പോള്‍ ആലോചിക്കാം. ‘ഞങ്ങള്‍ വര്‍ധിപ്പിച്ചത് പൂര്‍ണമായും ഞങ്ങള്‍ കുറച്ചു, ഇനി നിങ്ങള്‍ കുറയ്ക്കൂ’ എന്ന് പറയുകയാണെങ്കില്‍ അതില്‍ ഒരു ന്യായമുണ്ട്. കൂട്ടിയ നികുതി പൂര്‍ണമായും പിന്‍വലിച്ചിട്ട് നികുതി കുറയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ പരിഗണിക്കാം. ഞാന്‍ കാത്തിരിക്കുകയാണ്.

താന്‍ വര്‍ധിപ്പിച്ച നികുതി കുറച്ച് കുറയ്ക്കുന്നു. അത്ര തന്നെ സംസ്ഥാനവും കുറയ്ക്കണം. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ സംസ്ഥാനത്തിന് വരുമായിരുന്ന നഷ്ടം സഹിച്ച് അത് ചെയ്യുമായിരുന്നു. ജനം ഇവരുടെ ഈ രാഷ്ട്രീയം മനസിലാക്കും. ജയ്റ്റ്‌ലിയാണ് ഡീസലിന് 14 ഉം പെട്രോളിനും 9 രൂപയും നികുതി വര്‍ധിപ്പിച്ചത്.

അത് അദ്ദേഹം കുറയ്ക്കട്ടെ. എന്നിട്ട് സംസ്ഥാനത്തോട് കുറക്കാന്‍ പറയൂ. പറയുന്നതില്‍ ന്യായം വേണ്ടേ? പേരിന് 10 ശതമാനം കുറയ്ക്കുന്നു. ബാക്കി സംസ്ഥാനം കുറക്കട്ടെ എന്ന് പറഞ്ഞാല്‍ എന്താണ് ചെയ്യുക. ഇതില്‍ മറ്റൊന്നും സര്‍ക്കാരിന് പറയാനില്ല. നികുതി കുറയ്ക്കാന്‍ ഈ സാഹചര്യത്തില്‍ ഉദ്ദേശിക്കുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ച് സി.പി.എം നേതാവും എം.പിയുമായ എം.ബി രാജേഷും രംഗത്തെത്തി. നിങ്ങളുടെ ഈ തട്ടിപ്പ് മനസിലാകാത്തവരാണ് ജനങ്ങള്‍ എന്ന് കരുതുന്നുണ്ടോ എന്നായിരുന്നു എം.ബി രാജേഷിന്റെ ചോദ്യം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ അവര്‍ വിലകുറയ്ക്കുന്നു.

കേന്ദ്രത്തിന് ആവശ്യമുള്ളപ്പോള്‍ വില കുറക്കാന്‍ എണ്ണക്കമ്പനികളോട് പറയുകയും അവര്‍ അത് അനുസരിക്കുകയും വില കുറയ്ക്കുകയുമാണ്. അപ്പോള്‍ വേണമെങ്കില്‍ വില കുറയ്ക്കാന്‍ കേന്ദ്രത്തിനാവും. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്നാണ് ഇതിലൂടെ മനസിലാകുന്ത്.

ഇത്രയും കാലം ജനങ്ങളെ പിഴിഞ്ഞതിന് എന്ത് വിശദീകരണമാണ് നിങ്ങള്‍ക്ക് നല്‍കാനുള്ളത്? ലോകത്ത് ഒരിടത്തും ഇല്ലാത്ത വില നല്‍കിയാല്‍ നമ്മള്‍ ഇത്രയും കാലം പെട്രോളും ഡീസലും വാങ്ങിയത്. കേന്ദ്രത്തിന്റെ കൃത്യമായ കൊള്ളയാണ് ഇത് എന്ന് ഇപ്പോള്‍ വ്യക്തമായി.

കേരളത്തില്‍ നേരത്തെ തന്നെ ഇന്ധന വില കുറച്ചിട്ടുണ്ട്. ഇപ്പോള്‍ കേന്ദ്രം വിലയകുറയ്ക്കുമ്പോള്‍ ആനുപാതികമായി ഇവിടെയും വില കുറയും. കേരളം ടാക്‌സ് അമിതമായി ചുമത്തിയിട്ടില്ല. ഇവര്‍ വില കൂട്ടുമ്പോള്‍ സ്വാഭാവികമായും ഇവിടെയും വില കൂടുന്നതാണെന്നും എം.ബി രാജേഷ് എം.പി പറഞ്ഞു.