ഔട്ടായാല്‍ കേറിപ്പോകണം: ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് വിലപ്പെട്ടൊരു റിവ്യു കളഞ്ഞ ലോകേഷ് രാഹുലിനെതിരെ ആരാധകരുടെ പ്രതിഷേധം

single-img
4 October 2018

ഏഷ്യാകപ്പില്‍ അഫ്ഗാനുമായുള്ള ഇന്ത്യയുടെ അവസാന സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ വെറുതെ റിവ്യുകളഞ്ഞ ലോകേഷ് രാഹുലിനെതിരെ ആരാധകര്‍ തിരിഞ്ഞിട്ട് അധികനാള്‍ ആയിട്ടില്ല. എന്നാല്‍ അതേ അബദ്ധം വെസ്റ്റ്ഇന്‍ഡീസിനെതിരെ രാജ്‌കോട്ടില്‍ നടക്കുന്ന ആദ്യ ടെസ്റ്റിലും രാഹുലിന് സംഭവിച്ചു.

ഗബ്രിയേല്‍ എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തിലായിരുന്നു രാഹുല്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയത്. അമ്പയര്‍ ഔട്ടുവിളിച്ചു. എന്നാല്‍ അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി തോന്നിയ രാഹുല്‍ ഉടന്‍ തീരുമാനം പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അമ്പയറുടെ തീരുമാനം ശരിവെച്ച് വിധിവന്നു.

അതോടെ ഇന്ത്യക്ക് വിലപ്പെട്ടൊരു റിവ്യു ആദ്യ ഓവറില്‍ തന്നെ നഷ്ടമായി. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ലോകേഷ് രാഹുലിനെതിരെ ആരാധകരുടെ പ്രതിഷേധമാണ്. രാഹുലിനെ ചീത്തപറഞ്ഞും എന്തിനാണ് ഇത്തരം ആളുകളെ ടീം ചുമക്കുന്നതെന്നും വരെ ആരാധകര്‍ ചോദിക്കുന്നു. രാഹുലിനെ വിമര്‍ശിച്ചുള്ള ട്വീറ്റുകള്‍ ട്വിറ്ററില്‍ നിറയുകയാണ്.

ഏഷ്യാകപ്പില്‍ രാഹുലിന്റെ മോശം റിവ്യുവിന് വിലകൊടുക്കേണ്ടി വന്നത് സാക്ഷാല്‍ മഹേന്ദ്രസിങ് ധോണിയും ദിനേശ് കാര്‍ത്തികും ആയിരുന്നു. അഫ്ഗാനുമായുള്ള മത്സരത്തില്‍ 66 പന്തില്‍ 60 റണ്‍സെടുത്തു നില്‍ക്കെ 21ാം ഓവറിലാണ് രാഹുല്‍ പുറത്തായത്.

റാഷിദ് ഖാന്റെ ബൗളിങില്‍ റിവേഴ്‌സ് സ്വീപ്പിനു ശ്രമിച്ചപ്പോള്‍ പന്ത് രാഹുലിന്റെ കാലില്‍ നേരിട്ടു പതിക്കുകയായിരുന്നു. തുടര്‍ന്ന് അംപയയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. ഇതോടെയാണ് താരം റിവ്യു അവസരം ഉപയോഗിച്ചത്. എന്നാല്‍ തേര്‍ഡ് അംപയറും രാഹുല്‍ ഔട്ടാണെന്ന് വിധിയെഴുതിയതോടെ ഇന്ത്യക്കു വിലപ്പെട്ട റിവ്യു നഷ്ടപ്പെട്ടു.