സാലറി ചലഞ്ചിന് ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി

single-img
4 October 2018

പ്രളയ ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സ്വീകരിക്കുന്ന സാലറി ചലഞ്ചിനെതിരേ ഹൈക്കോടതി. ജീവനക്കാരില്‍ നിന്നും ശമ്പളം നിര്‍ബന്ധിച്ച് വാങ്ങരുതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇക്കാര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് നടപ്പാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

സാലറി ചലഞ്ചിനെതിരേയുള്ള കേസ് പരിഗണിക്കുകയായിരുന്നു കോടതി. ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് ഹര്‍ജിക്കാരുടെ പ്രധാന ആരോപണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കുന്ന സാലറി ചലഞ്ചിന്റെ ഭാഗമാകാന്‍ താത്പര്യമില്ലാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.

ഒരുമാസത്തെ ശമ്പളത്തിനുള്ള തുല്യമായ തുക ഒരുമിച്ചോ തവണകളായോ നല്‍കാന്‍ തയ്യാറല്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. പ്രതിപക്ഷ കക്ഷികളടക്കം നിരവധി പേര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ലഭ്യമായ കണക്കുകള്‍ പ്രകാരം ഒരുമാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറായത് 60 ശതമാനം ജീവനക്കാര്‍ മാത്രമാണ്.

40 ശതമാനം ജീവനക്കാരും സാലറി ചലഞ്ചിനോട് ‘നോ’ പറഞ്ഞതായാണ് വിലയിരുത്തല്‍. നിര്‍ബന്ധമായി ശമ്പളം പിടിക്കുന്നത് പിടിച്ചുപറിക്ക് സമാനമാണെന്ന് മുമ്പും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.