റോഡില്‍ കൂടി സൈക്കിളോടിച്ചതിന് ഇതര സംസ്ഥാനത്തൊഴിലാളിക്ക് ഹൈവേ പോലീസ് 500 രൂപ പിഴയിട്ടു

single-img
4 October 2018

സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ഇതര സംസ്ഥാനത്തൊഴിലാളിക്ക് പിഴയിട്ട് ഹൈവേ പോലീസ്. ഉത്തര്‍പ്രദേശ് സ്വദേശിയും ഉപ്പള കുക്കാറില്‍ താമസക്കാരനുമായ അബ്ദുല്ല ഷെയ്ഖിന്റെ മകന്‍ കാസിമിനെ (26) യാണ് കാസര്‍കോട് വെച്ച് ഹൈവേ പോലീസ് പിടികൂടി പിഴയിട്ടത്.

ഇന്നലെ രാവിലെയാണ് സംഭവം. സൈക്കിളില്‍ അമിതവേഗത്തിലായിരുന്ന യുവാവിനെ പോലീസ് കൈകാണിച്ച് നിര്‍ത്തുകയും കയര്‍ത്ത് സംസാരിക്കുകയും ചെയ്തതായി പറയുന്നു. പിന്നീട് 2000 രൂപ പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടു. കൈയില്‍ പണമില്ലെന്ന് കരഞ്ഞുപറഞ്ഞപ്പോള്‍ പിഴ 500 രൂപയില്‍ ഒതുക്കി.

പോലീസ് നല്‍കിയ രശീതില്‍ kl 14 q7874 എന്ന നമ്പര്‍ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. മോട്ടോര്‍ വെഹിക്കിളിന്റെ സൈറ്റില്‍ ഈ നമ്പറില്‍ സുചിത്ര എന്ന സ്ത്രീയുടെ പേരിലുള്ള സ്‌കൂട്ടറാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സൈക്കളിന്റെ ടയര്‍ പോലീസ് കുത്തിക്കീറിയതായി കാസിം പറഞ്ഞു.

സിമന്റ് തൊഴിലാളിയായ കാസിമിന് 400 രൂപയാണ് ദിവസക്കൂലി. സൈക്കിള്‍ നന്നാക്കാന്‍ കാസിമിന് ഇനി വേറെ തുക കണ്ടെത്തേണ്ട അവസ്ഥയാണ്. അമിത വേഗതയില്‍ സഞ്ചരിച്ചുവെന്ന കുറ്റമാണ് പോലീസ് നല്‍കിയ റസീപ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്. അതേസമയം സ്‌കൂട്ടര്‍യാത്രക്കാരനാണ് പിഴ നല്‍കിയതെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും ഹൈവേ പോലീസ് അധികൃതര്‍ പറഞ്ഞു.