ഇന്ത്യയ്ക്കു ഉപരോധ ഭീഷണിയുമായി അമേരിക്ക

single-img
4 October 2018

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഇന്ന് ഡല്‍ഹിയിലെത്തും. എസ്400 ട്രയംഫ് മിസൈല്‍വേധ മിസൈല്‍ സംവിധാനം ഇന്ത്യ വാങ്ങുന്നതിനു കരാര്‍ ഈയവസരത്തില്‍ ഒപ്പുവയ്ക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

റഷ്യന്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ ഭീഷണിക്കിടയിലാണ് പുടിന്റെ ഇന്ത്യ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. 35,000 കോടി രൂപയുടെ മിസൈല്‍ കരാര്‍ ഒപ്പുവയ്ക്കുമെന്ന് ഒരു റഷ്യന്‍ വക്താവ് പറഞ്ഞെങ്കിലും ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം തങ്ങളുമായി സഖ്യമുള്ള രാജ്യങ്ങള്‍ റഷ്യയുമായി ഇടപാടുകള്‍ നടത്തരുതെന്നു ബുധനാഴ്ചയാണു യുഎസ് മുന്നറിയിപ്പു നല്‍കിയത്. ‘യുഎസിന്റെ എല്ലാ സഖ്യരാജ്യങ്ങളുടെയും പങ്കാളികളുടെയും അറിവിലേക്കായി പറയുകയാണ്. റഷ്യയുമായി യാതൊരു ഇടപാടും നടത്തരുത്. അങ്ങനെയുണ്ടായാല്‍ കാറ്റ്‌സാ (കൗണ്ടറിങ് അമേരിക്കാസ് അഡ്വേഴ്‌സറീസ് ത്രൂ സാക്ഷന്‍സ് ആക്ട്) നിയമപ്രകാരമുള്ള ഉപരോധം ഏര്‍പ്പെടുത്തേണ്ടി വരും’– സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു.

മുഖ്യമായും റഷ്യയെ ലക്ഷ്യമിട്ടു കഴിഞ്ഞ ഓഗസ്റ്റിലാണു കാറ്റ്‌സ നിയമം യുഎസ് കൊണ്ടുവന്നത്. റഷ്യയില്‍നിന്നു യുദ്ധവിമാനങ്ങളും മിസൈല്‍ പ്രതിരോധവും വാങ്ങിയതിനു ചൈനയ്‌ക്കെതിരെ അടുത്തിടെ ഇതനുസരിച്ച് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ‘പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്ല ബന്ധമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇന്നുവരേക്കും ഞങ്ങളതില്‍ വിജയിച്ചിട്ടില്ല’– റഷ്യയെ ഉദ്ദേശിച്ചു യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക് പോംപെയോ പറഞ്ഞു.

യുഎസിന്റെ ‘ഭീഷണി’ മറികടന്നു റഷ്യയുമായി ആയുധ ഇടപാട് നടത്താനാണുള്ള അന്തിമ നടപടികളിലാണ് ഇന്ത്യയെന്നാണു വിവരം. പുടിന്റെ സന്ദര്‍ശനത്തില്‍ കരാര്‍ ഒപ്പിടുമെന്നു ക്രെംലിനും അറിയിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച ആകാശക്കരുത്തായ എസ്–400 മിസൈല്‍ 10 എണ്ണം വാങ്ങാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. അഞ്ച് ബില്യന്‍ ഡോളറിന്റെ (ഏകദേശം 36,882 കോടി രൂപ) ഇടപാടാണിത്. നാലു യുദ്ധക്കപ്പല്‍ വാങ്ങാനുള്ള കരാറിലും ഇന്ത്യ ഒപ്പിട്ടേക്കും.

റഷ്യയുമായുള്ള ഇടപാടിന്റെ പേരില്‍ ഇന്ത്യയ്ക്ക് ആശങ്ക വേണ്ടെന്നു മോസ്‌കോ കേന്ദ്രമായ അനാലിസിസ് ഓഫ് വേള്‍ഡ് ആംസ് ട്രേഡ് തലവന്‍ ഐഗര്‍ കൊറോത്‌ചെങ്കോ ചൂണ്ടിക്കാട്ടുന്നു. ഭാവിയില്‍ യുഎസിന്റെ ആയുധങ്ങള്‍ വേണ്ടെന്നു പറയാന്‍ സാധ്യതയില്ലാത്തതിനാല്‍, റഷ്യന്‍ കരാറിനെച്ചൊല്ലി ഇന്ത്യയ്ക്കുമേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.