കടലിൽ പോകരുത്, മലയോര യാത്ര വേണ്ട, പുഴയോരത്തുള്ളവർ ശ്രദ്ധിക്കണം, രാത്രിയാത്ര നിയന്ത്രിക്കണം: ജനങ്ങൾക്ക് അതിജാഗ്രതാ മുന്നറിയിപ്പുമായി സംസ്ഥാന സർക്കാർ

single-img
4 October 2018

അറബിക്കടലിന് തെക്കുകിഴക്കായി ശ്രീലങ്കയ്ക്കടുത്ത് വെള്ളിയാഴ്ചയോടെ ശക്തമായ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അതിജാഗ്രതാ മുന്നറിയിപ്പുമായി സംസ്ഥാന സർക്കാർ. വ്യാഴാഴ്ചമുതൽ ശനിയാഴ്ചവരെ പലയിടങ്ങളിലും അതിശക്തവും ഞായറാഴ്ച തീവ്രവുമായ മഴപെയ്യാൻ സാധ്യതയുണ്ട്. ഞായറാഴ്ച ഇടുക്കി, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ അതിജാഗ്രതാ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 21 സെന്റീമീറ്ററിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ട്.

കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ യുദ്ധകാലാടിസ്ഥാനത്തിൽ മുൻകരുതൽ നടപടികൾക്ക് കളക്ടർമാരോട് നിർദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ന്യൂനമർദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്നും അറബിക്കടലിലൂടെ ലക്ഷദ്വീപിനടുത്തുകൂടി വടക്കുപടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുമെന്നുമാണ് മുന്നറിയിപ്പ്.

മുൻകരുതൽ നിർദേശങ്ങൾ

കടലിൽ പോകരുത്

* അതിശക്തമായ കാറ്റുണ്ടാകുകയും കടൽ അതിപ്രക്ഷുബ്ധമായി മാറുകയും ചെയ്യുമെന്നതിനാൽ, കടലിൽപോയ മത്സ്യത്തൊഴിലാളികൾ വെള്ളിയാഴ്ചയ്ക്കുമുമ്പ് സുരക്ഷിതമായ ഏറ്റവും അടുത്ത തീരത്ത് എത്തണം. വ്യാഴാഴ്ചയ്ക്കുശേഷം ആരും കടലിൽ പോകരുത്. തീരദേശത്ത് ഈ നിർദേശം ഉച്ചഭാഷിണിയിലൂടെയും മറ്റും അറിയിക്കും.

മലയോരത്ത് ഉരുൾപൊട്ടിയേക്കും

* തീരപ്രദേശങ്ങളിൽ കാറ്റിൽ അപകടങ്ങളുണ്ടാകാൻ സാധ്യത. മലയോരമേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത. ഇത്തരം സ്ഥലങ്ങളിൽ വെള്ളിയാഴ്ചയോടെ ക്യാമ്പുകൾ തയ്യാറാക്കാൻ കളക്ടർമാർക്ക് നിർദേശം നൽകി. ആവശ്യമെങ്കിൽ ആളുകൾക്ക് രാത്രി അവിടെ കഴിയാനുള്ള നിർദേശങ്ങൾ നൽകാം.

മൂന്നാർ യാത്ര വേണ്ട

* രാത്രിയിൽ മലയോര മേഖലകളിലൂടെയുള്ള സഞ്ചാരം പരമാവധി ഒഴിവാക്കണം. വെള്ളിയാഴ്ചയ്ക്കുശേഷം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നീലക്കുറിഞ്ഞി കാണാൻ മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണം.

പുഴയോരത്തുള്ളവർ ശ്രദ്ധിക്കണം

* വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ പുഴയുടെയും തോടുകളുടെയും തീരത്തുള്ളവർ ആവശ്യമെങ്കിൽ ക്യാമ്പുകളിലേക്ക് മാറണം. ജലാശയങ്ങളിൽ കുളിക്കാനും മീൻപിടിക്കാനും ഇറങ്ങരുത്.

* ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതലൈനുകൾ തകരാറിലാവാനും സാധ്യത. അതിനാൽ രാത്രിയാത്ര നിയന്ത്രിക്കണം.

ക്യാന്പുകൾ തുറക്കും

* മുമ്പ് പ്രളയം ബാധിച്ച എല്ലാ സ്ഥലങ്ങളിലും പോലീസ് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകും. മുമ്പ് ക്യാമ്പുകൾ പ്രവർത്തിച്ച സ്ഥലങ്ങളിൽ ക്യാമ്പുകൾ ആരംഭിക്കണം.

* ഭിന്നശേഷിക്കാരെ സാമൂഹികസുരക്ഷാവകുപ്പ് പ്രത്യേകം പരിഗണിച്ച് ദുരന്തസാധ്യതാ മേഖലകളിൽനിന്ന് മാറ്റിപ്പാർപ്പിക്കണം. ദുരന്തനിവാരണ അതോറിറ്റിയുടെ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം വ്യാഴാഴ്ച ചേർന്ന് ഡാമുകളുടെ ജലനിരപ്പ് പ്രത്യേകം പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.