ദിവ്യ സ്പന്ദന രാജി വെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നോ ?

single-img
4 October 2018

കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ വിഭാഗം മേധാവി സ്ഥാനം രാജിവെച്ചെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് ദിവ്യ സ്പന്ദന. താന്‍ കുറച്ച് നാളായി അവധിയിലാണെന്നും അതിനാല്‍ ഓഫീസില്‍ പോകാറില്ലെന്നും ദിവ്യ സ്പന്ദന ടൈംസ് നൗവിനോട് പറഞ്ഞു. വ്യാഴാഴ്ച ഓഫീസില്‍ പോകുമെന്നും ദിവ്യ വ്യക്തമാക്കി.

ദിവ്യ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ വിഭാഗം മേധാവി സ്ഥാനം രാജി വെച്ച് ബി.ജെ.പിയില്‍ ചേരുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ട്വിറ്ററില്‍ നിന്നും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഇന്‍ ചാര്‍ജ് എന്ന ബയോ നീക്കം ചെയ്തതിനെ തുടര്‍ന്നായിരുന്നു ദിവ്യ രാജിവെച്ചെന്ന വാര്‍ത്ത പരന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന തരത്തില്‍ ചിത്രം ട്വീറ്റ് ചെയ്തതിന് ദിവ്യ സ്പന്ദനയ്‌ക്കെതിരേ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ യു.പി പൊലീസ് കേസെടുത്തത്. ഇതിന് പുറകെ വീണ്ടും മോദിയെ കള്ളനെന്ന് വിളിച്ച് അവര്‍ രംഗത്തുവരുകയും ചെയ്തിരുന്നു.

പാര്‍ട്ടി നേതൃത്വവുമായി ദിവ്യ സ്പന്ദനയ്ക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാന്ധി ജയന്തി ദിനത്തില്‍ മഹാരാഷ്ട്രയില്‍ നടന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലും ദിവ്യ സ്പന്ദന പങ്കെടുത്തിരുന്നില്ല. ഇതും ദിവ്യ രാജിവച്ചതായുള്ള സൂചനകളെ ബലപ്പെടുത്തിയിരുന്നു. കൂടാതെ കഴിഞ്ഞ് കുറച്ചു ദിവസങ്ങളായി പോസ്റ്റുകള്‍ ഒന്നും തന്നെ ട്വിറ്ററില്‍ ഇട്ടിരുന്നില്ല.

കൂടാതെ നിഖില്‍ അല്‍വയ്ക്ക് ഏതാനും ചുമതലകള്‍ കൈമാറിയതില്‍ ദിവ്യ സ്പന്ദന അസ്വസ്ഥയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ കൈകാര്യം ചെയ്യുന്നത് നിഖില്‍ അല്‍വയാണ്. പ്രധാനമന്ത്രിയെ അവഹേച്ചികൊണ്ടുള്ള ദിവ്യ സ്പന്ദനയുടെ പോസ്റ്റില്‍ കോണ്‍ഗ്രസ് നേതൃത്വം അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു.