ടാന്‍സാനിയയില്‍ 1000 സിംഹങ്ങളുടെ മരണത്തിനിടയാക്കിയ സിഡിവി വൈറസ് ഗിര്‍വനത്തിലും: മൂന്നാഴ്ച്ചയ്ക്കുള്ളില്‍ ചത്തത് 23 സിംഹങ്ങള്‍

single-img
4 October 2018

ഗീര്‍വനത്തില്‍ സിംഹങ്ങള്‍ ചത്തൊടുങ്ങുന്നതിന് കാരണം കനൈന്‍ ഡിസ്റ്റമ്പര്‍ വൈറസ് (സിഡിവി) ബാധ കാരണമെന്ന് കണ്ടെത്തി. ഇത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. മൂന്നാഴ്ച്ചയ്ക്കുള്ളില്‍ വനത്തില്‍ ചത്തത് 23 സിംഹങ്ങളായിരുന്നു.

പരിശോധിച്ച 11 എണ്ണത്തില്‍ സിഡിവി വൈറസ് ബാധയും പ്രോട്ടോസോള്‍ അണുബാധയുമുണ്ടായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇനിയും സിംഹങ്ങള്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വനത്തിലെ ദല്‍ഖാനിയ റേഞ്ചില്‍ സരാസിയയിലെ വലിയ ഒരു സിംഹക്കുട്ടത്തിലാണ് രോഗം പടര്‍ന്നത്.

സെപ്റ്റംബര്‍ 12നും 19നും ഇടയില്‍ 11 എണ്ണത്തിന്റെ ജഡമാണ് കണ്ടെത്തിയത്. 2011ലും 13ലും ഗീര്‍വനത്തില്‍ ഈ വൈറസിന്റെ സാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ച്ചയായ പരിശോധനകള്‍ നടത്തണമെന്നും 40 ശതമാനം വരെ മരണമുണ്ടാകുമെന്നും പഠനത്തില്‍ പറഞ്ഞിരുന്നു.

1990ല്‍ ടാന്‍സാനിയയിലെ സെറെന്‍ഗട്ടി വനത്തില്‍ ആയിരത്തോളം സിംഹങ്ങളുടെ കൂട്ടമരണത്തിന് ഇടയാക്കിയ വൈറസാണ് സിഡിവി. അമേരിക്കയില്‍ നിന്നുള്ള വാക്‌സിനുകളടക്കം കൊണ്ടുവന്നാണ് ഇത് നിയന്ത്രിച്ചത്.