റാഫേല്‍ ഇടപാടില്‍ അഴിമതി ആരോപിച്ച് ബിജെപി എംഎല്‍എ രാജിവച്ചു; മോദിയുടെ അപരനും ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക്

single-img
4 October 2018

റഫേല്‍ ഇടപാടില്‍ അഴിമതി ആരോപിച്ച് മഹാരാഷ്ട്രയില്‍ ബിജെപി എംഎല്‍എ രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച നടത്തിയതിന് പിറ്റേന്നാണ് അഷീഷ് ദേശ്മുഖ് സ്പീക്കര്‍ക്ക് രാജി നല്‍കിയത്. വിദര്‍ഭയിലെ കാട്ടോള്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ദേശ്മുഖ് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വാര്‍ത്തകള്‍.

പ്രധാനമന്ത്രിയുടെ മേക്ക്ഇന്‍ ഇന്ത്യ അടക്കമുള്ള പദ്ധതികളെല്ലാം പരാജയമാണെന്നും ദേശ്മുഖ് പ്രസ്താവനയില്‍ പറഞ്ഞു. റഫേല്‍ ഇടപാടില്‍ വന്‍ അഴിമതി നടന്നതായും അദ്ദേഹം പറഞ്ഞു. നേരത്തെ രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച നടത്തിയ ദേശ്മുഖ് കോണ്‍ഗ്രസ് അധ്യക്ഷനില്‍ യുവാക്കള്‍ക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരില്‍ ശ്രദ്ധനേടിയ അഭിനന്ദന്‍ പതകും ബി.ജെ.പി വിടുന്നു. 2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് എതിരെ പ്രചരണം നടത്താനാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്കുനേരെ ഉയരുന്ന ചില ചോദ്യങ്ങളാണ് ഇത്തരമൊരു നിലപാടിനു കാരണമെന്നാണ് അദ്ദേഹം പറയുന്നത്.

തന്നെക്കാണുമ്പോള്‍ പലരും ‘എപ്പോഴാണ് എന്റെ ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം വരുന്നത്?’ എന്ന് ചോദിക്കാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തുന്നതിനു മുമ്പ് നല്‍കിയ വാഗ്ദാനം വിശ്വസിച്ചവരാണ് ഈ ചോദ്യമുയര്‍ത്തുന്നത്. ഇത്തരം ചോദ്യങ്ങളാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ തെരഞ്ഞെടുക്കാന്‍ തന്നെ നിര്‍ബന്ധിതനാക്കിയതെന്നും അദ്ദേഹം പറയുന്നു.

‘ഞാന്‍ ശരിക്കും മോദിയെ ആരാധിക്കുന്നു. അദ്ദേഹം എന്നെ കാണുകയും ആലിംഗനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. അതിനാല്‍ ഞാന്‍ അവര്‍ക്കെതിരെ കാമ്പെയ്ന്‍ നടത്താന്‍ തീരുമാനിച്ചു.’ എന്നും പതക് പറയുന്നു.