റഫാല്‍ ഇടപാടിന് റിലയന്‍സിനെ തിരഞ്ഞെടുത്തതില്‍ പങ്കില്ല: വ്യോമസേന മേധാവിയുടെ പുതിയ വെളിപ്പെടുത്തല്‍

single-img
3 October 2018

റഫാല്‍ യുദ്ധവിമാന കരാറില്‍ ഓഫ്‌സെറ്റ് പങ്കാളിയെ തിരഞ്ഞെടുത്തതില്‍ സര്‍ക്കാരിനോ വ്യോമസേനയ്‌ക്കോ പങ്കില്ലെന്നു വ്യോമസേന തലവന്‍ ബിരേന്ദര്‍ സിങ് ധനോവ. റഫാല്‍ നിര്‍മാതാക്കളായ ഡാസോ ഏവിയേഷനാണ് ഇതു സംബന്ധിച്ച തീരുമാനമെടുക്കുന്നത്.

36 യുദ്ധവിമാനങ്ങള്‍ ഉചിതമായ രീതിയില്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച തീരുമാനങ്ങള്‍ക്കു മാത്രമാണു ഡാസോ വ്യോമസേനയെ സമീപിച്ചിട്ടുള്ളത്. റഫാല്‍ ഒരു വലിയ മാറ്റത്തിന്റെ തുടക്കമാകും. വിവിധ രീതിയില്‍ ഇന്ത്യയ്ക്ക് ഏറെ ഗുണകരമാണ് ഈ കരാര്‍. രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഒരു ഘട്ടം മാത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

റഫാല്‍ വിമാനങ്ങള്‍ മികച്ചതാണ്. ഉപഭൂഖണ്ഡത്തിലേക്ക് അവ എത്തുന്നതോടെ കാര്യങ്ങള്‍ മാറിമറിയും. റഫാല്‍ ഇടപാടിലൂടെ കൂടുതല്‍ നേട്ടമുണ്ടാകുമെന്നും നല്ലൊരു പാക്കേജാണ് നമുക്ക് ലഭിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കിനെതിരെ പ്രതിപക്ഷം ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് വ്യോമസേനാ മേധാവിതന്നെ സര്‍ക്കാരിനെ അനുകൂലിച്ച് രംഗത്ത് വന്നതെന്നതാണ് ശ്രദ്ധേയം.

അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡിനെ കേന്ദ്രസര്‍ക്കാര്‍ സഹായിച്ചുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് നിര്‍മിച്ച് വാങ്ങാനാണ് മോദിസര്‍ക്കാര്‍ ഫ്രഞ്ച് സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടത്.