ഇതാദ്യമായി മല്‍സരത്തിനു മുന്നോടിയായി 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ: പൃഥ്വി ഷാ അരങ്ങേറ്റം ഉറപ്പിച്ചു

single-img
3 October 2018

വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കായി കൗമാര താരം പൃഥ്വി ഷാ അരങ്ങേറും. കെ.എല്‍ രാഹുലിനൊപ്പം ഓപ്പണറായാണ് ഷാ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുക. വ്യാഴാഴ്ച ആരംഭിക്കുന്ന ടെസ്റ്റില്‍ ഇന്ത്യയുടെ 12 അംഗ സ്‌ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചു.

ഇതോടെ ഓരോ മത്സരം ആരംഭിക്കുന്നതിനുമുമ്പ് 12 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്ന രീതി ആരംഭിക്കുകയും ചെയ്തു. ഓപ്പണിംഗിലെ സ്ഥിരതയില്ലായ്മയാണ് ഇന്ത്യക്ക് ഏറ്റവും വലിയ പ്രശ്‌നം. ഈ പരമ്പരയിലൂടെ ആ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഓപ്പണിംഗില്‍ ഷാ തിളങ്ങുമെന്നാണ് ഇന്ത്യന്‍ പ്രതീക്ഷ. അങ്ങനെയെങ്കില്‍ വരുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇന്ത്യയുടെ ഓപ്പണിംഗ് ജോഡികളിലൊരാള്‍ ഷായാകും. ഇന്ത്യയുടെ അണ്ടര്‍ 19 ക്യാപ്റ്റന്‍ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു ആദ്യമായി ടെസ്റ്റ് ടീമില്‍ ഉള്‍പ്പെട്ടത്. എന്നാല്‍ ഒരു മത്സരംപോലും കളിക്കാനായില്ല.

ആദ്യ ടെസ്റ്റില്‍ ഇന്ത്യ അഞ്ച് ബൗളര്‍മാരുമായാവും കളത്തിലിറങ്ങുക. ശാര്‍ദുല്‍ താക്കൂറാവും പന്ത്രണ്ടാമന്‍. മൂന്നു സ്പിന്നര്‍മാര്‍ ടീമിലുണ്ടാകുമെന്നാണ് കരുതുന്നത്. രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവുമാണ് ഇന്ത്യന്‍ സ്പിന്‍ ആക്രമണം നയിക്കുക. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ആറാമനായി ബാറ്റ് ചെയ്യും. ബാറ്റിംഗ് ഓര്‍ഡറില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സ്ഥാനത്ത് ജഡേജ എത്തും.

നേരത്തെ, ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമിലേക്ക് ഹനുമ വിഹാരിക്കൊപ്പം പൃഥ്വി ഷായെയും ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍, ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ശിഖര്‍ ധവാന്‍ ടീമിനു പുറത്താവുകയും മുരളി വിജയ്ക്ക് മടങ്ങിവരാന്‍ സാധിക്കാതെ പോകുകയും ചെയ്തതോടെയാണ് ഷായുടെ അരങ്ങേറ്റം ഉറപ്പായത്.

ദിനേഷ് കാര്‍ത്തിക്കിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതോടെ വിക്കറ്റ് കീപ്പറുടെ റോളില്‍ ഋഷഭ് പന്ത് വരുമെന്ന കാര്യവും ഉറപ്പായിരുന്നു. ഇതുവരെ 14 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള പൃഥ്വി ഷായ്ക്ക്, കിട്ടിയ അവസരങ്ങളില്‍ കാഴ്ചവച്ച ഉജ്വല പ്രകടനങ്ങളാണ് ദേശീയ ടീമിലേക്ക് വഴിതുറന്നത്. 14 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍നിന്ന് 56.72 റണ്‍സ് ശരാശരിയില്‍ 1418 റണ്‍സാണ് ഷായുടെ സമ്പാദ്യം. ഏഴു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെയാണിത്. 188 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.