ശബരിമല വിധിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി: രാഷ്ട്രപതിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പരാതി പ്രളയം

single-img
3 October 2018

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി ഒരു വിധി പുറപ്പെടുവിച്ചാല്‍ അതാണു രാജ്യത്തെ നിയമം.

അതു നടപ്പിലാക്കാന്‍ മാത്രമേ സര്‍ക്കാരിനു കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു വിശ്വാസികളില്‍ത്തന്നെ രണ്ട് അഭിപ്രായം ഉണ്ടായിരുന്നു. ഇതെല്ലാം പരിശോധിച്ചശേഷമാണു സുപ്രീംകോടതി വിധി വന്നത്.

വിധി അനുസരിച്ചു നടപടി സ്വീകരിക്കാന്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിനു കഴിയൂ. വിധിയുടെ ഭാഗമായി ഉല്‍സവകാലത്ത് സ്ത്രീകള്‍ വന്നാല്‍ അവര്‍ക്കു സൗകര്യം ചെയ്യേണ്ടതുണ്ട്. മറ്റൊരു നിയമം വരുന്നതുവരെ ഇതാണു രാജ്യത്തെ നിയമം. അമ്പലത്തിനകത്തേക്കു പോകാന്‍ സ്ത്രീകള്‍ വന്നാല്‍ അവരെ തടയാന്‍ പറ്റില്ല.

സ്ത്രീകളുടെ സുരക്ഷയ്ക്കായി വനിതാ പൊലീസിനെ വിന്യസിക്കും. മറ്റു സംസ്ഥാനങ്ങളിലുള്ള വനിതാ പൊലീസിനെയും വിന്യസിക്കാന്‍ ആലോചിക്കുന്നുണ്ട്. സുപ്രീംകോടതി എന്തും പറയട്ടെ നമ്മള്‍ ചെയ്യില്ല എന്ന നിലപാടു സ്വീകരിക്കാന്‍ കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

അതിനിടെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പരാതി പ്രളയം. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുന്ന സുപ്രീം കോടതിയുടെ വിധിക്കെതിരെയാണ് പരാതികള്‍. രാഷ്ട്രപതിയുടെ വിവിധ പോസ്റ്റുകള്‍ക്കു കീഴില്‍ കമന്റുകളായാണ് പരാതികള്‍.

സുപ്രീം കോടതി വിധി വിശ്വാസികളായ തങ്ങളെ ഏറെ വേദനിപ്പിക്കുന്നതായും ശബരിമലയെയും ആചാരങ്ങളെയും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പരാതികള്‍ ഏറെയും. ഹിന്ദു സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സുപ്രീം കോടതി വിധി കേരളത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും നശിപ്പിക്കുമെന്നും കമന്റുകളില്‍ ആരോപിക്കുന്നു.

അവിശ്വാസികളായ ഒരു വിഭാഗത്തിനാണ് സുപ്രീം കോടതിയുടെ വിധി ഗുണകരമാകുകകയെന്നും നിയമത്തിന്റെ പേരില്‍ വിശ്വാസങ്ങളെ തകര്‍ക്കാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് നിരവധി സ്ത്രീകളും കമന്റുകള്‍ ഇട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് രാഷ്ട്രപതി ഈ വിഷയത്തില്‍ ഇടപെടണമെന്നും വിധി നടപ്പാക്കുന്നത് തടയണമെന്നുമാണ് ആവശ്യം.

വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവരും ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷക്കണമെന്നാവശ്യപ്പെടുന്നുണ്ട്. മലയാളികളെ കൂടാതെ തമിഴരും തെലുങ്കരുമായി സ്വയം പരിചയപ്പെടുത്തിക്കൊണ്ടും നിരവധി പേര്‍ കമന്റുകള്‍ ഇട്ടിട്ടുണ്ട്. രാഷ്ട്രപതിയുടെ പല പോസ്റ്റുകള്‍ക്കും അടിയില്‍ ആയിരക്കണക്കിന് കമന്റുകളാണ് ഇപ്രകാരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചില പോസ്റ്റുകളില്‍ ലക്ഷത്തിലധികം കമന്റുകളും ഉണ്ട്. അതേസമയം, രാഷ്ട്രപതിയുടെ പഴയ പോസ്റ്റുകള്‍ പലതിനും നൂറില്‍ താഴെ കമന്റുകള്‍ മാത്രമാണുള്ളതെന്നതും ശ്രദ്ധേയമാണ്.