പ്രവാസികള്‍ക്കിത് നല്ല കാലം; പക്ഷേ ഇക്കാര്യം ശ്രദ്ധിക്കുക

single-img
3 October 2018

ചരിത്രത്തിലെ സമാനതകളില്ലാത്ത ഇടിവിലേക്കു ഇന്ത്യന്‍ രൂപ കൂപ്പുകുത്തിയതോടെ പ്രവാസികള്‍ക്ക് കോളടിച്ചിരിക്കുകയാണ്. ശമ്പളം ലഭിക്കുന്ന സമയത്തെ വിനിമയ നിരക്കിലെ വര്‍ധന സാധാരണക്കാരായ പ്രവാസികള്‍ക്കാണ് ഏറെ ഗുണകരമായത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണത്തില്‍ 15 മുതല്‍ 20 ശതമാനംവരെ വര്‍ധനയുണ്ടായിട്ടുണ്ട്.

എന്നാല്‍, രൂപയുടെ മൂല്യമിടിഞ്ഞതിനാല്‍ നാട്ടില്‍ വിലക്കയറ്റം രൂക്ഷമാകും. അതുകൊണ്ടുതന്നെ കടം വാങ്ങിയും വായ്പയെടുത്തും ക്രെഡിറ്റ് കാര്‍ഡില്‍നിന്നെടുത്തും മറ്റും ഈ സമയത്ത് നാട്ടിലേക്ക് പണമയക്കുന്നത് ബുദ്ധിയല്ലെന്നാണ് സാമ്പത്തികവിദഗ്ധരുടെ അഭിപ്രായം.

യുഎഇ ദിര്‍ഹവുമായുള്ള വിനിമയനിരക്കില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം ഇരുപതിനു മുകളിലെത്തുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരക്ക് കൂടിക്കൊണ്ടിരിക്കയായിരുന്നു. ജൂലായില്‍ ഒരു ദിര്‍ഹത്തിന് 18.60 രൂപ ആയിരുന്നു. ഓഗസ്റ്റ് പകുതിയോടെയാണ് 19 രൂപ കടന്നത്.

പിന്നീട് നിരക്ക് താഴ്ന്നിട്ടില്ല. സെപ്റ്റംബര്‍ പകുതിയോടെ 19.75 എന്ന നിലയിലേക്ക് എത്തി. ഒടുവില്‍ സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നതുപോലെ നിരക്ക് 20 രൂപ കടന്നു. നൂറ്റിതൊണ്ണൂറ് രൂപയാണ് ഒരു ഒമാന്‍ റിയാലിന്റെ മൂല്യം. ഒരു സൗദി റിയാല്‍ ലഭിക്കാന്‍ 19.61 രൂപ നല്‍കണം.

ബഹറൈന്‍ ദിനാറുമായുള്ള വിനിമയ നിരക്കില്‍ രൂപ 195 ലെത്തി. കുവൈത്ത് ദിനാറുമായുള്ള നിരക്ക് 242.19 രൂപയാണ്. അസംസ്‌കൃത എണ്ണ വിലയും നിലവിലെ ആഗോള രാഷ്ട്രീയസാഹചര്യങ്ങളും കണക്കിലെടുത്താല്‍ കുറച്ചുനാള്‍കൂടി ഈ സ്ഥിതി തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. അമേരിക്ക ചൈന വ്യാപാരബന്ധത്തിലെ ഉലച്ചില്‍, ലിറയുടെ മൂല്യത്തിലുള്ള ഇടിവ്, അമേരിക്കയിലെ ബാങ്ക്പലിശ വര്‍ധന തുടങ്ങിയ ഘടകങ്ങളെല്ലാം ഇന്ത്യന്‍ രൂപയെ ദോഷകരമായി ബാധിക്കുന്നുണ്ട്.