യു.ഡി.എഫിന്റേത് ആടിനെ പട്ടിയാക്കുന്ന തന്ത്രമെന്ന് മുഖ്യമന്ത്രി

single-img
3 October 2018

തിരുവനന്തപുരം: ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതു നയവിരുദ്ധമായിട്ടല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഉല്‍പാദനം കൂട്ടിയാല്‍ പുറത്തെ ഡിസ്റ്റിലറികള്‍ക്കു നഷ്ടം വരും. ഇതു രമേശ് ചെന്നിത്തലയ്ക്കും അറിയാം. തൊഴിലവസരങ്ങള്‍ കൂടുന്നത് എങ്ങനെ സംസ്ഥാന താല്‍പര്യത്തിന് എതിരാവും.

ആടിനെ പട്ടിയാക്കുന്ന പ്രചാരണ തന്ത്രമാണ് യു.ഡി.എഫിന്റേത്. സാധാരണഗതിയില്‍ ഡിസ്റ്റിലറികള്‍ തുടങ്ങാന്‍ പരസ്യം നല്‍കാറില്ല. അങ്ങനെയായാല്‍ പഴയ കോണ്‍ഗ്രസ് നേതാക്കളും പെടും. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു സര്‍ക്കാരിനെതിരെ തിരിച്ചുവിടുകയാണ്. ഒരിക്കലും ഡിസ്റ്റിലറി നല്‍കേണ്ടെന്നതല്ല 1999ലെ തീരുമാനമെന്നും പിണറായി പറഞ്ഞു.

1999ല്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് അന്നത്തെ അപേക്ഷകളിന്മേല്‍ മാത്രം ബാധകമായതാണ്. യുക്തമായവര്‍ക്ക് അനുമതി നല്‍കാനും വകുപ്പുണ്ട്. അല്ലായിരുന്നെങ്കില്‍ 1998ല്‍ ഒരു ബ്രൂവറിക്ക് അനുമതി നല്‍കിയതിന് 2003ല്‍ പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാരിന് ലൈസന്‍സ് നല്‍കാനാകില്ലായിരുന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

സര്‍ക്കാര്‍ ബ്രൂവറിക്ക് അനുമതി നല്‍കിയാലും തുടര്‍ന്ന് തിരുത്താനാകും. ബ്രൂവറി ആരംഭിക്കാനായി ഇതുമായി ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെ അനുമതിയും ആവശ്യമാണ്. അര്‍ഹതയില്ലാത്തവര്‍ക്ക് അനുമതി നല്‍കില്ല. ബ്രൂവറിയുമായി ബന്ധപ്പെട്ട് വി.എസ് ചൂണ്ടിക്കാണിച്ചത് ജലചൂഷണമാമെന്നും ഇതും പരിശോധിച്ച ശേഷമേ ബന്ധപ്പെട്ട വകുപ്പ് അനുമതി നല്‍കുകയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബ്രൂവറിക്ക് അനുമതി നല്‍കിയത് എല്‍.ഡി.എഫ് നയങ്ങള്‍ക്ക് വിരുദ്ധമായല്ല. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യത്തിന്റെ ഉപയോഗം കുറയ്‌ക്കേണ്ടത് മദ്യവര്‍ജനത്തിലൂടെയാണ്.

സര്‍ക്കാര്‍ അനുമതി നല്‍കിയ നടപടിയോടെ തൊഴിലവസരങ്ങളും ഖജനാവിലേക്കുള്ള വരുമാനവും വര്‍ധിക്കും. മദ്യ വര്‍ജനത്തിനായി ഇന്നുള്ളതില്‍ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നുണ്ട്. ലഹരി വര്‍ജന മിഷനായ വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഡിഅഡിക്ഷന്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.