ആര്‍ത്തവം അശുദ്ധി തന്നെയാണെന്ന് കെ.സുധാകരന്‍: വിശ്വാസത്തെ മാറ്റാന്‍ ഒരു കോടതിക്കും ഭരണകൂടത്തിനും അവകാശമില്ല

single-img
3 October 2018

ശബരിമല സമരം ഗൗരവമുള്ളതാണെന്നും തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് സമരം കേരളത്തില്‍ ആവര്‍ത്തിക്കാനിടയാവരുതെന്നും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ വിശ്വാസികളുടെ അഭിപ്രായം ചോദിച്ചില്ലെന്നും സുധാകരന്‍ പറഞ്ഞു.

സര്‍ക്കാര്‍ വലിയ തിടുക്കത്തിലാണ്. ജെല്ലിക്കെട്ട് സമരത്തിലും ഈ തിടുക്കമാണ് പ്രശ്‌നമാക്കിയത്. ശബരിമല സമരത്തില്‍ ഇനിയും ജനപിന്തുണ കൂടും. ബി.ജെ.പി. മുതലെടുപ്പിന് ശ്രമിക്കും. അയ്യപ്പക്ഷേത്രത്തിലെ പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കാന്‍ വിശ്വാസികള്‍ അനുവദിക്കില്ലെന്നും അദ്ദേഹം മീറ്റ് ദി പ്രസില്‍ വ്യക്തമാക്കി.

ആര്‍ത്തവം അശുദ്ധി തന്നെയാണ്. ഇത് ഞാനുണ്ടാക്കിയതല്ല. ഭരണഘടനയുണ്ടാക്കുന്നതിനുള്ള മുമ്പേയുള്ള വിശ്വാസമാണത്. ആ വിശ്വാസമാണ് ഭരണഘടന സംരക്ഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തണം.

പന്തളത്ത് ഇന്നലെ വന്നെത്തിയ ജനക്കൂട്ടം ആരും പറഞ്ഞിട്ടെത്തിയതല്ല. വിശ്വാസങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോള്‍ യാന്ത്രികമായി എത്തിയ ജനക്കൂട്ടമാണ് അവിടെ കണ്ടത്. ജനരോഷം കണ്ട് ബിജെപിയും ആര്‍എസ്എസും നിലപാട് മാറ്റിക്കൊണ്ടിരിക്കുന്നു. ശ്രീധരന്‍ പിള്ള ആദ്യം പറഞ്ഞതല്ല ഇപ്പോള്‍ പറയുന്നത്. സര്‍ക്കാര്‍ ഇത് മുന്നില്‍ കാണണം. അവസരം കാത്ത് നില്‍ക്കുന്നവര്‍ക്ക് വദിയുണ്ടാക്കരുതെന്നാണ് എനിക്ക് പറയാനുള്ളതെന്നും സുധാകരന്‍ പറഞ്ഞു.

ടൂറിസ്റ്റ് മനോഭവത്തോടെ കാണുന്ന സ്ത്രീകള്‍ മാത്രമെ സുപ്രീംകോടതിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പോകുകയുള്ളൂ. അല്ലാത്ത ഒരു വിശ്വാസിയും പോകില്ല. മുത്തലാഖ് വിഷയം കൈകാര്യം ചെയ്യേണ്ടതും മത പണ്ഡിതന്‍മാരായിരുന്നു.

അത്തരം മതപരമായതും വിശ്വാസപരമായതുമായ കാര്യങ്ങള്‍ അതാത് മത മേലധ്യക്ഷന്‍മാരാണ് കൈകാര്യം ചെയ്യേണ്ടതെന്ന അഭിപ്രായമാണ് തനിക്ക്. കോണ്‍ഗ്രസിന് എല്ലാ മതങ്ങളും ഒരു പോലെയാണ്. ദൈവ വിശ്വാസമുള്ളവര്‍ അതില്‍ വിശ്വസിക്കുന്നു. പുറത്ത് നിരീശ്വരവാദം പറഞ്ഞ് അകത്ത് പൂജ നടത്തുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു.