പൊതുസ്ഥലത്ത് മദ്യപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; മൂന്ന് പെണ്‍കുട്ടികള്‍ അറസ്റ്റില്‍; ഒരാള്‍ ഓടി രക്ഷപ്പെട്ടു

single-img
3 October 2018

ചൊവ്വാഴ്ച രാത്രി മുംബൈയിലെ ഭയാന്തറിലുള്ള ഭഗത് സിംഗ് പ്ലേ ഗ്രൗണ്ടിലെ മാക്‌സസ് മാളിന് മുന്നിലാണ് സംഭവം. നാല് പെണ്‍കുട്ടികള്‍ മദ്യപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇവരുടെ തര്‍ക്കം കേട്ട് ചെറിയ ആള്‍ക്കൂട്ടവും ഇവര്‍ക്ക് ചുറ്റും കൂടി.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പെണ്‍കുട്ടികളോട് സംസാരിച്ച് ശാന്തരാകാന്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസുകാരെ ചീത്ത വിളിക്കാനും കയ്യേറ്റം ചെയ്യാനുമാണ് ഇവര്‍ ശ്രമിച്ചത്. വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കൊപ്പമുണ്ടായിരുന്ന രണ്ട് പുരുഷ ഉദ്യോഗസ്ഥരെയും ഇവര്‍ കയ്യേറ്റം ചെയ്തു.

വനിതാ ഉദ്യോഗസ്ഥയുടെ ഷര്‍ട്ടിന്റെ ബട്ടണ്‍ വലിച്ചു പൊട്ടിക്കുകയും അവരുടെ നെയിംബാഡ്ജ് കീറിക്കളയുകയും ചെയ്തു. തന്റെ ബാറ്റണ്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥ അവരുടെ ആക്രമത്തെ ചെറുക്കാന്‍ ശ്രമിക്കുന്നുണ്ട്. പിന്നീട് ഇവര്‍ ആക്രമാസക്തരാകുന്ന സമയത്ത് മൂന്ന് പേരെ വലിച്ച് പൊലീസ് ജീപ്പില്‍ കയറ്റി.

എന്നാല്‍ ജെസ്സി ഡികോസ്റ്റ എന്ന യുവതി ഈ സമയം ഓടി രക്ഷപ്പെട്ടു. ജെസ്സിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മംമ്താ മെഹര്‍ (25), അലീഷ പിള്ള (23), കമല്‍ ശ്രീവാസ്തവ (22), എന്നീ പെണ്‍കുട്ടികളാണ് പൊലീസിന്റെ പിടിയിലായത്.

ഡ്യൂട്ടി സമയത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു, അവരുടെ ജോലി തടസ്സപ്പെടുത്തി, പൊതുസ്ഥലത്ത് ശല്യമുണ്ടാക്കി എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മൂന്ന് പെണ്‍കുട്ടികളും പൊലീസ് കസ്റ്റഡിയിലാണ്. വൈദ്യപരിശോധനയില്‍ ഇവര്‍ മദ്യപിച്ചിരുന്നു എന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു.