താമസ സ്ഥലത്ത് കഞ്ചാവ് ചെടികള്‍ വളര്‍ത്തി: ദുബായില്‍ ഇന്ത്യക്കാരന് തടവ് ശിക്ഷ

single-img
3 October 2018

ദുബായിലെ താമസ സ്ഥലത്ത് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ ഇന്ത്യക്കാരന് കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ജബല്‍ അലിയില്‍ താമസിച്ചിരുന്ന 32 വയസുകാരനെയാണ് കോടതി ശിക്ഷിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം പ്രതിയെ നാടുകടത്തും.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്. 0.51 ഗ്രാം കഞ്ചാവ് വിത്തുകള്‍ മുളപ്പിച്ച് കൃഷി ചെയ്തതും വിവിധ രൂപത്തിലായി 24 ഗ്രാം കഞ്ചാവ് അല്ലാതെയും കണ്ടെടുത്തു.

തന്റെ സ്വകാര്യ ഉപയോഗത്തിനുള്ളതായിരുന്നു ഇവയെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. അറസ്റ്റ് ചെയ്തശേഷം ഇയാളുടെ രക്ത പരിശോധന നടത്തിയപ്പോഴും ഹാഷിഷിന്റെ അംശമുണ്ടായിരുന്നു. എന്നാല്‍ താന്‍ കുറ്റക്കാരനല്ലെന്നും കഞ്ചാവ് കൃഷി നടത്തിയിട്ടില്ലെന്നും പ്രതി വാദിച്ചു.

ഇവ തക്കാളി വിത്തുകളാണെന്നാണ് താന്‍ കരുതിയിരുന്നതെന്നും കൃഷി ചെയ്ത് വിളവെടുക്കാമെന്ന് കരുതിയാണ് സൂക്ഷിച്ചിരുന്നതും, തക്കാളി അല്ലെന്ന് മനസിലായതോടെ പിന്നെ കൃഷി ചെയ്തിരുന്നില്ലെന്നും ഇയാള്‍ വാദിച്ചു. എന്നാല്‍ താന്‍ മയക്കുമരുന്ന് ഉപയോഗിക്കുകയും സൂക്ഷിക്കുകയും ചെയ്തകാര്യം പ്രതി സമ്മതിച്ചു. തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്.