തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സിപിഐ നേതാവ് അറസ്റ്റില്‍: മണ്ണാര്‍ക്കാട്ട് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ബ്രാഞ്ച് സെക്രട്ടറിയെ രക്ഷിക്കാന്‍ സി.പി.എം വനിതാ നേതാവിന്റെ ശ്രമം

single-img
3 October 2018

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സിപിഐ നേതാവ് അറസ്റ്റില്‍. സിപിഐ വെഞ്ഞാറമൂട് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഹാഷിം (54) ആണ് അറസ്റ്റിലായത്. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ നേതാവ് ഏറെ നാളായി പീഡിപ്പിച്ച് വരികയായിരുന്നെന്നു പറയുന്നു.

കുട്ടിയുടെ വീട്ടില്‍ ആരും ഇല്ലാത്തസമയങ്ങളില്‍ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചതായാണ് പരാതി. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. തുടര്‍ന്ന് അധ്യാപിക കുട്ടിയുടെ മാതാവിനെ വിവരം അറിയിക്കുകയായിരുന്നു.

ഇതോടെ മാതാപിതാക്കള്‍ വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കി. ഇന്നു പുലര്‍ച്ചയോടെ പ്രതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ സ്വയം ഹാജരാകുകയായിരുന്നുവെന്നാണ് സൂചന. ആരോപണ വിധേയനായ എ.ഹാഷിമിനെ സിപിഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി സിപിഐ വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റി സെക്രട്ടറി എ.എം. റൈസ് അറിയിച്ചു.

അതിനിടെ മണ്ണാര്‍ക്കാട്ടെ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ രക്ഷിക്കാന്‍ പാര്‍ട്ടിയിലെ തന്നെ വനിതാ നേതാവ് ഇടപെട്ടതായി ആക്ഷേപം. കേസില്‍ അറസ്റ്റിലായ സി.പി.എം കൊടയ്ക്കാട് ബ്രാഞ്ച് സെക്രട്ടറി വിജേഷുമായി അടുപ്പമുള്ള മഹിളാ അസോസിയേഷന്‍ നേതാവിനെതിരെയാണ് പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപം ഉയരുന്നത്.

യുവാവിനെ തിങ്കളാഴ്ച രാത്രി നാട്ടുകല്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിവരം അറിഞ്ഞ് മഹിളാ അസോസിയേഷന്‍ ജില്ലാ ഭാരവാഹിയായ നേതാവ് പൊലീസ് സ്റ്റേഷനിലെത്തി മണിക്കൂറുകളോളം കാത്തിരുന്നു. കേസ് നടപടികള്‍ ഒഴിവാക്കുകയായിരുന്നു ഉദ്ദേശം.

സംഭവം പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചയും വിവാദവുമായതോടെ ഇന്നലെ മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്തു. ഏരിയാ സെന്റര്‍ അംഗം കൂടിയായ വനിതാ നേതാവിനെതിരെ നടപടി വേണമെന്നു ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. പ്രതിക്കുവേണ്ടി വനിതാനേതാവ് സ്റ്റേഷനിലെത്തിയത് ആരുടെ നിര്‍ദേശപ്രകാരമാണ്.

ലോക്കല്‍ കമ്മിറ്റിയോ ഏരിയാ കമ്മിറ്റിയോ അറിയാതെയായിരുന്നു നീക്കമെന്ന് ഏരിയാ കമ്മിറ്റി വിലയിരുത്തി. പി.കെ. ശശി എംഎല്‍എയ്‌ക്കെതിരായ പരാതിയുയര്‍ന്ന മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിക്കു കീഴിലാണ് ഈ സംഭവവും. പാര്‍ട്ടിക്കു കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്ന നീക്കങ്ങള്‍ ജില്ലയുടെ ചുമതലയുള്ള മുതിര്‍ന്ന നേതാക്കളെയും അറിയിച്ചെന്നാണ് വിവരം.