വിമാനത്താവളത്തെ ആശങ്കയുടെ മുള്‍മുനയിലാഴ്ത്തി സ്യൂട്ട്‌കേസ്; ബോംബാകുമെന്ന നിഗമനത്തില്‍ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ച് പെട്ടി തുറന്നപ്പോള്‍ കണ്ടത് തേങ്ങ

single-img
3 October 2018

സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട പെട്ടി റോമിലെ ഫിയുമിസിനിയോ വിമാനത്താവളത്തെ ആശങ്കയുടെ മുള്‍മുനയിലാഴ്ത്തി. വിമാനത്താവളത്തിലെ വിശ്രമകേന്ദ്രത്തിലാണ് ദുരൂഹതയുണര്‍ത്തി സ്യൂട്ട്‌കേസ് കണ്ടെത്തിയത്. സ്യൂട്ട് കേസിന്റെ ഉടമസ്ഥനാരെന്ന് അന്വേഷിച്ചിട്ട് കിട്ടാതായതോടെ ഭയം വര്‍ധിച്ചു.

ബോംബാക്രമണ സാധ്യതകള്‍ എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയതോടെ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. സ്യൂട്ട് കേസ് തുറക്കാന്‍ ഏവര്‍ക്കും ഭയമായിരുന്നു. തുടര്‍ന്ന് ദീര്‍ഘനേരം വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു. പിന്നീട് ബോംബ് സ്‌ക്വാഡ് എത്തി പെട്ടി തകര്‍ത്തപ്പോഴാണ് പെട്ടിയില്‍ നിറയെ തേങ്ങയാണെന്ന് മനസിലായത്.

ഫ്രീ ലാന്‍സ് മാധ്യമപ്രവര്‍ത്തകന്‍ നെഡ് ഡോനോവാനാണ് സംഭവത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന ഡോനോവാന്‍ പൊളിച്ച സ്യൂട്ട്‌കേസിന്റെ ചിത്രങ്ങളടക്കം ട്വീറ്റ് ചെയ്യുകയായിരുന്നു. ഇതിനടിയില്‍ വരുന്ന കമന്റുകള്‍ ഏറെ രസകരമാണ്. മലയാളിയായ ഏതോ വീട്ടമ്മ ഇറ്റലിയിലുള്ള മക്കള്‍ക്ക് വേണ്ടി കൊണ്ടുവന്നതാകും ആ തേങ്ങകള്‍ എന്ന നിലയിലാണ് ബഹുഭൂരിപക്ഷം കമന്റുകളും.