കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളുടെ ദു:ഖം മുതലെടുത്ത് കേരളത്തിലെ വന്ധ്യതാ ക്ലിനിക്കുകള്‍: ചികിത്സയുടെ പേരില്‍ നടക്കുന്നത് ‘പകല്‍ക്കൊള്ള’

single-img
3 October 2018

ദമ്പതികള്‍ക്കിടയിലെ വന്ധ്യത പ്രശ്‌നങ്ങള്‍ ഇന്ന് വര്‍ധിച്ച് വരികയാണ്. സ്ത്രീയ്ക്കും പുരുഷനും ഒരുപോലെയുണ്ടാകാന്‍ സാധ്യതയുള്ള രോഗമാണിത്. ആരോഗ്യമുള്ള ബീജങ്ങളില്ലാത്തതും, ലൈംഗികശേഷിക്കുറവും കാരണം സമ്മര്‍ദ്ദത്തിലാകുന്ന പുരുഷന്‍മാര്‍ ഇന്ന് ഏറെയാണ്. സ്‌ട്രെസ്സും ചിലപ്പോള്‍ പാരമ്പര്യരോഗങ്ങള്‍ വരെ വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്.

2014 ലെ കണക്കു പ്രകാരം 40 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി പുരുഷ വന്ധ്യതാ നിരക്ക് വര്‍ധിച്ചു. ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ജീവിതശൈലി മാറ്റങ്ങളും കീടനാശിനികള്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഉപയോഗവും അമിതമായ ഔഷധ ഉപയോഗവുമാണ്.

യുവതലമുറയ്ക്കിടയിലെ വന്ധ്യതാ നിരക്കിന്റെ വര്‍ധനവ് ആശങ്കാജനകമാണ്. 21 നും 30 നും ഇടയില്‍ പ്രായമുളള ദമ്പതിമാരില്‍ 34 ശതമാനം പേരും അസിസ്റ്റഡ് റീ പ്രൊഡക്ടീവ് ടെക്‌നിക്‌സ് (എആര്‍ടി) സ്വീകരിക്കുന്നവരാണ് എന്നാണ് ദേശീയ നിലയിലുളള കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2013 ലെ വേള്‍ഡ് ബാങ്ക് കണക്ക് പ്രകാരം 2000ാം ആണ്ട് മുതല്‍ ഫെര്‍ട്ടിലിറ്റി നിരക്കില്‍ 17ശതമാനം വരെ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍ ജനതയില്‍ 10 ശതമാനം ആളുകള്‍ വന്ധ്യതാ പ്രശ്‌നങ്ങള്‍ ഉളളവരാണ് എന്നു പറയുമ്പോള്‍, ഇന്ത്യയുടെ ജനസംഖ്യവച്ചു നോക്കുമ്പോള്‍ അതൊരു വലിയ സംഖ്യ തന്നെയാണ്.

വീവിതശൈലി രോഗങ്ങള്‍ മൂലം കുഞ്ഞുങ്ങള്‍ക്കായി പലരും ഇപ്പോള്‍ വന്ധ്യതാ ക്ലിനിക്കുകളെയാണ് ആശ്രയിക്കുന്നത്. ഗൈനക്കോളജി ഡോക്ടര്‍മാരില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന കേരളത്തിലെ വന്ധ്യത നിവാരണ ചികിത്സ ഇന്ന് പടര്‍ന്ന് പന്തലിച്ച് സൂപ്പര്‍ സ്‌പെഷ്യാല്‍റ്റി സെന്ററുകളും മള്‍ട്ടി സ്‌പെഷാല്‍റ്റി സെന്ററുകളുമായി മാറിയിരിക്കുന്നു. ലോകത്ത് എവിടെയും ലഭ്യമായ വന്ധ്യതാ നിവാരണ ചികിത്സാരീതിയും ഇവിടെയും ലഭ്യമാണ്.

ടെസ്റ്റ്ട്യൂബ് ബേബി എന്നറിയപ്പെടുന്ന ഐവിഎഫ് ആണ് വന്ധ്യതാ നിവാരണ ചികിത്സയിലെ വലിയ നാഴികക്കല്ല്. ഐവിഎഫ്, എആര്‍ടി എന്നറിയപ്പെടുന്ന അസിസ്റ്റഡ് റീ പ്രൊഡക്ടീവ് ടെക്‌നിക്‌സില്‍ ഉള്‍പ്പെടുന്ന ഐസിഎ സ്‌ഐ, ഐവിഐ തുടങ്ങി എല്ലാ ആധുനിക ചികിത്സാ രീതികളും കേരളത്തില്‍ ഇപ്പോഴുമുണ്ട്.

എന്നാല്‍ കുഞ്ഞു പിറക്കാത്ത ദമ്പതികളുടെ ദു:ഖം മുതലെടുക്കുകയാണ് ഈ വന്ധ്യതാ ക്ലിനിക്കുകള്‍. വന്ധ്യതാ ചികിത്സയ്ക്കായുളള ഓട്ടത്തിനിടെ പലരും ചെലവാക്കുന്നത് ലക്ഷങ്ങളാണ്. കടം വാങ്ങിയും ലോണെടുത്തും കുഞ്ഞ് എന്ന സ്വപ്നത്തിനു പിറകേ ഒരു പാടു കുടുംബങ്ങള്‍ സഞ്ചരിക്കുന്നു.

ചികിത്സയുടെ പേരും പറഞ്ഞ് നിരവധി തവണയാണ് സ്ത്രീകളെ സ്‌കാനിംഗിന് വിധേയമാക്കുന്നത്. പല ടെസ്റ്റുകള്‍ക്കും 50 ശതമാനം വരെ അധിക നിരക്കാണ് ഈടാക്കുന്നത്. ഓരോ തവണ വരുമ്പോഴും ഡോക്ടര്‍ ഫീസായി മാത്രം 500 രൂപ വരെയും ചില ആശുപത്രികളില്‍ ഈടാക്കുന്നുണ്ട്.

ഒന്നിച്ച് ടെസ്റ്റുകള്‍ എഴുതുന്നതിന് പകരം ഓരോ ആഴ്ചയും ടെസ്റ്റുകള്‍ക്കായി ദമ്പതികളെ ഇവര്‍ ആശുപത്രിയില്‍ കയറ്റിയിറക്കുന്നു. മരുന്നുകള്‍ക്കും ഇത്തരത്തില്‍ അധിക നിരക്കാണ് ഇവര്‍ ഈടാക്കുന്നത്. ഇതിനിടയില്‍ പല ദമ്പതികളും അധികം പണം ചെലവഴിച്ച് മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ടു പോവുന്നവരുമുണ്ട്.

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത്തരം ചികിത്സയ്ക്ക് വളരെ കുറഞ്ഞ തുക മാത്രം ഈടാക്കുമ്പോള്‍ സ്വകാര്യ വന്ധ്യതാ ക്ലിനിക്കുകള്‍ പകല്‍ക്കൊള്ള നടത്തുന്നത് ചോദ്യം ചെയ്യാന്‍ ആരും തയ്യാറല്ല. സര്‍ക്കാര്‍ ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പലരും പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

ഇതിനിടെ അപൂര്‍വ്വം ചിലര്‍ക്ക് ജീവനും നഷ്ടമാവുന്നു. അത്തരത്തില്‍ ഒരു സംഭവമാണ് കഴിഞ്ഞ മാസം അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ ഉണ്ടായത്. അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്നാണ് കഴിഞ്ഞ മാസം യുവതി മരിക്കുന്നത്.

ദീര്‍ഘകാലമായി കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന് അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊട്ടാരക്കര ഇഞ്ചക്കാട് കൈലാസത്തില്‍ മഹേഷിന്റെ ഭാര്യ സബിത(34) ആണ് മരിച്ചത്. ചികിത്സയുടെ ഭാഗമായി നടത്തിയ ശസ്ത്രക്രിയയിലെ പിഴവ് മൂലം സബിതക്ക് മണം സംഭവിക്കുകയായിരുന്നു. വന്ധ്യതാ ചികിത്സക്കായി ആശുപത്രിയില്‍ എത്തിയപ്പോള്‍ ലാപ്രോസ് കോപ്പി ചെയ്യണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം.

അതിനായി സ്‌കാന്‍ ചെയ്തപ്പോഴാണ് ഉദരത്തില്‍ തരിതരിയായി മുഴകള്‍ ഉളളതായി കാണപ്പെട്ടത്. തുടര്‍ന്ന് ലാപ്രോസ്‌കോപ്പി തുടങ്ങി വെച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഗൈനക്കോളജി വിഭാഗത്തിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം സബിതയെ അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യുകയുമായിരുന്നു. എന്നാല്‍ ശസ്ത്രക്രിയക്കിടെ ഡോക്ടര്‍മാര്‍ക്ക് സംഭവിച്ച പിഴവു മൂലം വന്‍കുടലില്‍ ചെറിയ ദ്വാരം രൂപപ്പെട്ടു.

തുടര്‍ന്ന് ദ്വാരം വലുതാകുകയും അതിലൂടെ ആഹാരം, വെള്ളം, മരുന്ന് എന്നിവ ഉള്ളിലേക്ക് കടക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ഉദരത്തിലെ നാല് അവയവങ്ങള്‍ക്ക് അണുബാധ ഉണ്ടാകുകയും ഉദര വീക്കം, ശ്വാസം മുട്ടല്‍ തുടങ്ങിയവ സബിതക്ക് അനുഭവപ്പെടുകയുമായിരുന്നു. വേദന അനുഭവപ്പെടുന്നതായി ഡോക്ടര്‍മാരെ അറിയിച്ചെങ്കിലും ശസ്ത്രക്രിയ നടത്തിയതിലുള്ള സ്വാഭാവിക വേദനയാണെന്ന് പറഞ്ഞ് യുവതിയെ ഡോക്ടര്‍ മാര്‍ വിശ്വസിപ്പിക്കുകയായിരുന്നു.

പിന്നീട് വേദന ഗുരുതരമായതോടെ ബന്ധുക്കള്‍ നിര്‍ബന്ധപൂര്‍വ്വം സബിതയെ പട്ടം എസ്.യു.ടിയിലേക്ക് മാറ്റി. അവിടെ വെന്റിലേറ്ററിന്റെ സഹായത്തൊടെ വന്‍ കുടല്‍ വഴി ഉളളിലേക്ക് കടന്ന എല്ലാ മാലിന്യങ്ങളും നീക്കം ചെയ്തു. തുടര്‍ന്ന് തുടക്കത്തില്‍ സബിത മരുന്നുകളോട് പ്രതികരിച്ചെങ്കിലും പിന്നീട് കരളിന്റെ പ്രവര്‍ത്തനം താഴുകയും ഹൃദയമിടിപ്പ് കുറഞ്ഞ് മരണത്തിനു കീഴടങ്ങുകയുമായിരുന്നു.

അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രി അധികൃതരുടെ പണക്കൊതിയാണ് സബിതയുടെ ജീവന്‍ തട്ടിയെടുത്തതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല. ഇത്തരത്തില്‍ മറ്റു പല ആശുപത്രികളിലും സംഭവിക്കുന്നുണ്ട് എങ്കിലും പലതും പുറത്തു വരാറില്ല. പണം കൊടുത്ത് മാധ്യമങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്തിയിരിക്കുകയാണ് ചില ആശുപത്രികള്‍.