സ്വന്തം സമുദായം പിന്തുണ നല്‍കുന്നില്ല; മുസ്‌ലീം കുടുംബത്തിലെ 13 പേര്‍ ഹിന്ദുമതം സ്വീകരിച്ചു

single-img
3 October 2018

ഉത്തര്‍പ്രദേശിലെ ബദര്‍ഖ എന്ന സ്ഥലത്താണ് മതപരിവര്‍ത്തനം നടന്നത്. ഇരുപത്തിരണ്ടുകാരനായ കുടുംബാംഗത്തിന്റെ മരണത്തില്‍ നീതി തേടിയുള്ള പോരാട്ടത്തിന് സ്വന്തം സമുദായം പിന്തുണ നല്‍കുന്നില്ലെന്ന പരാതി ഉന്നയിച്ചാണ് പതിമൂന്നംഗ മുസ്ലീം കുടുംബം ഹിന്ദുമതത്തിലേക്ക് മതം മാറിയത്.

കഴിഞ്ഞ ജൂലായിലാണ് ഇരുപത്തിരണ്ടുകാരനായ ഗുല്‍ഷനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നത് കുടുംബാംഗങ്ങളുടെ സംശയത്തിന് ഇടയാക്കുകയും അവര്‍ പൊലീസില്‍ അന്വേഷണത്തിനായി പരാതിപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ പൊലീസ് അന്വേഷണം സാവധാനത്തിലാക്കിയെന്നും സ്വന്തം സമുദായത്തില്‍ നിന്നും പിന്തുണ ഇക്കാര്യത്തില്‍ ലഭിക്കുന്നില്ലെന്നുമുള്ള പരാതിയിലാണ് ഇവര്‍ മതം മാറാന്‍ തയ്യാറെടുത്തത്. ഹിന്ദു യുവ വാഹിനിയുടെ മേല്‍നോട്ടത്തിലാണ് ഈ കുടുംബത്തിലെ പതിമൂന്ന് പേര്‍ മതം മാറ്റല്‍ ചടങ്ങില്‍ പങ്കെടുത്തത്, ആരും തങ്ങളെ നിര്‍ബന്ധിച്ചിട്ടില്ലെന്ന് അധികാരികള്‍ക്ക് സമ്മതപത്രവും ഇവര്‍ നല്‍കിയിട്ടുണ്ട്.

ഒരു മാസം മുന്‍പാണ് യുവ ഹിന്ദുവാഹിനിയുമായി ബന്ധപ്പെട്ടതെന്നും അവരാണ് സഹായങ്ങള്‍ ചെയ്തുതന്നതെന്നും ഗുല്‍ഹാസന്റെ സഹോദരന്‍ ദില്‍ഷാദ് പറയുന്നു. കുടുംബത്തിലെ 20 ഓളം ആളുകള്‍ മതംമാറ്റത്തിന് തയ്യാറായിരുന്നു. എന്നാല്‍ ചിലര്‍ പിന്‍മാറി. 13 പേരാണ് ഇപ്പോള്‍ മതംമാറിയിരിക്കുന്നത്.

അതേസമയം ഹിന്ദുമതത്തിലേക്കെത്തുന്ന ആളുകളെയെല്ലാം തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നാണ് യുവ ഹിന്ദു വാഹിനി ഭാരതിന്റെ ദേശീയ പ്രസിഡ് കൂടിയായ ശിവരാജ് സിങ് ചൗഹാന്‍ പ്രതികരിച്ചത്. ഹിന്ദു സഹോദരങ്ങളുടെ ക്ഷേമത്തിനായാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

ഘര്‍ വാപ്പസിക്ക് തയ്യാറാകുന്നവരേയും ഞങ്ങള്‍ സഹായിക്കും. ഇത്തരത്തില്‍ ഭഗപതില്‍ നിന്നുള്ള കുടുംബത്തിനും എല്ലാ വിധ സഹായങ്ങളും ഞങ്ങള്‍ ചെയ്യും- ശിവരാജ് സിങ് ചൗഹാന്‍ പ്രതികരിച്ചു. സ്വന്തം താത്പര്യപ്രകാരമാണ് മതംമാറ്റമെന്ന് കുടുംബം സത്യവാങ്മൂലം എഴുതിനല്‍കിയിട്ടുണ്ടെന്ന് ഭഗ്പത് ജില്ലാ മജിസ്‌ട്രേറ്റ് ഋഷിരേന്ദ്രകുമാര്‍ പ്രതികരിച്ചു.