ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1,234 ആയി; ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി കടകള്‍ കൊള്ളയടിച്ച നിരവധി പേര്‍ അറസ്റ്റില്‍

single-img
2 October 2018

ഇന്‍ഡോനീഷ്യയിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെയെണ്ണം 1,234 ആയി. ദുരന്ത നിവാരണ ഏജന്‍സി വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സുലവേസിയില്‍ മണ്ണിനടിയിലായ പള്ളിയില്‍നിന്ന് ഒരു ഡസനിലേറെ വിദ്യാര്‍ഥികളുടെ മൃതദേഹം കൂടി കണ്ടെത്തിയതിന് ശേഷമുള്ള കണക്കാണിത്.

ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വലിയ കുഴികളുണ്ടാക്കി കൂട്ടമായാണു സംസ്‌കരിച്ചത്. ദുരന്തത്തില്‍നിന്നു കര കയറുന്നതിന് ഇന്‍ഡോനീഷ്യന്‍ ജനത രാജ്യാന്തര സഹായവും അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്നാല്‍ പ്രകൃതി ദുരന്തങ്ങള്‍ പതിവായ രാജ്യത്തു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സ്വന്തം നിലയില്‍ നടപ്പാക്കാനാണു സര്‍ക്കാരിന്റെ ശ്രമം.

ദുരന്തത്തില്‍ ഒറ്റപ്പെട്ടുപോയ പല പ്രദേശങ്ങളിലേക്കും ഇപ്പോഴും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിച്ചിട്ടില്ലെന്നാണു വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവേ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ദുരന്ത നിവാരണ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ദുന്തത്തെ അതിജീവിച്ചവര്‍ നേരിടുന്നത് കടുത്ത ക്ഷാമമാണ്.

ഭക്ഷ്യ ക്ഷാമവും ശുദ്ധജല ദൗര്‍ലഭ്യവും രൂക്ഷമാണെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തെ ആശുപത്രികള്‍ പരിക്കേറ്റവരേക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഭക്ഷണത്തിനും, കുടിവെള്ളത്തിനും മറ്റ് അവശ്യ വസ്തുക്കള്‍ക്കും വേണ്ടി മോഷണം നടത്തിയ ഏതാനും പേരെ പോലിസ് അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു.