സൗദി അറേബ്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക: ആഭ്യന്തര മന്ത്രാലയം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

single-img
2 October 2018

വിദേശരാജ്യങ്ങളില്‍നിന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ സേവനം പ്രയോജനപ്പെടുത്തുന്നതിന് സൗദിയിലെ ഇന്റര്‍നെറ്റ് ദാതാക്കളുടെ റോമിങ് സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് മന്ത്രാലയം അറിയിച്ചു. മറ്റു രാജ്യങ്ങളിലെ ഇന്റര്‍നെറ്റ് ഉപയോഗിച്ച് വെബ്‌സൈറ്റില്‍ പ്രവേശിക്കാന്‍ അനുമതിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ബന്ധിപ്പിച്ചിട്ടുളള അബ്ഷിര്‍ വെബ് പോര്‍ട്ടലില്‍ പ്രവേശിക്കുന്നതിന് സൗദിയില്‍ രജിസ്റ്റര്‍ ചെയ്ത ടെലികോം കമ്പനികളുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമാണ്. സ്വദേശികളുടെയും വിദേശകളുടെയും വ്യക്തിഗത വിവരങ്ങളള്‍ അബ്ഷിറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

അബ്ഷിറില്‍ രജിസ്റ്റര്‍ ചെയ്ത സ്വദേശികള്‍ക്ക് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിനെ സമീപിക്കാതെ നിരവധി സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ട്. വിദേശികളുടെ റീ എന്‍ട്രി വിസ, ഫൈനല്‍ എക്‌സിറ്റ്, ഇഖാമ പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ അബ്ഷിര്‍ പോര്‍ട്ടല്‍ വഴി അനുവദിക്കും.

പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റില്‍ നിന്നു വിദേശികളുടെ ആശ്രിതര്‍ക്ക് ആവശ്യമായ സേവനങ്ങളും ലഭ്യമാണ്. വിദേശികള്‍ മാതൃരാജ്യങ്ങളില്‍ നിന്ന് അബ്ഷിര്‍ അക്കൗണ്ടില്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ സാധ്യമാവാറില്ല. ഇതു സംബന്ധിച്ച് നിരവധി അന്വേഷണങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച സാഹചര്യത്തിലാണ് സൗദിയില്‍ രജിസ്റ്റര്‍ ചെയ്ത ടെലികോം കമ്പനികളുടെ ഇന്റര്‍നെറ്റ് സേവനം റോമിംഗ് ആയി പ്രയോജനപ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുളളത്.