68 ഇന പദ്ധതികളുമായി സൗദി തൊഴില്‍ മന്ത്രാലയം: സൗദിയിലെ പ്രവാസി സമൂഹം ആശങ്കയില്‍

single-img
2 October 2018

സൗദി തൊഴില്‍ വിപണിയില്‍ സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കുന്നതിന് 68 പുതിയ പദ്ധതികള്‍ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. സ്വദേശികളെ സ്വകാര്യ മേഖലയില്‍ ജോലി തേടാന്‍ പ്രേരിപ്പിക്കുന്നതാണ് പദ്ധതികള്‍. ഇതിന് പുറമെ സര്‍ക്കാര്‍ സര്‍വീസിലുളള വിദേശികളുടെ എണ്ണം ഗണ്യമായി കുറക്കാനും പദ്ധതിയുണ്ട്.

രാജ്യത്തെ തൊഴില്‍ വിപണിയില്‍ സമഗ്ര മാറ്റം ലക്ഷ്യംവെക്കുന്ന പദ്ധതി തൊഴില്‍ മന്ത്രി എഞ്ചിനീയര്‍ അഹമദ് ബിന്‍ സുലൈമാന്‍ അല്‍ റാജ്ഹിയാണ് പ്രഖ്യാപിച്ചത്. ആശങ്കയോടെയാണ് പ്രഖ്യാപനത്തെ പ്രവാസികള്‍ കേട്ടത്. ഭക്ഷണശാലകളിലേക്കും കോണ്‍ട്രാക്ടിങ് മേഖലയിലേക്കും കടന്നെത്തുന്ന സ്വദേശിവത്കരണം സംബന്ധിച്ച് വരും ദിനങ്ങളില്‍ വ്യക്തതയുണ്ടാകും.

നേരത്തെ മാറ്റി വെച്ച മേഖലകളാണ് ഭക്ഷണശാലകളും കോഫി ഷോപ്പുകളും. കോണ്‍ട്രാക്ടിങ്, റിയല്‍ എസ്റ്റേറ്റ് മേഖലയിലും ഏതാനും ജോലികള്‍ മാത്രമാണ് സ്വദേശിവത്കരണം ബാധിക്കാത്തത്. ഇവയെല്ലാം പുതിയ ഘട്ടത്തില്‍ സ്വദേശിവത്കരണത്തിന് വിധേയമാകുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.

ഭക്ഷണ ശാലകളില്‍ റസ്റ്റോറന്റ്, ബൂഫിയ എന്നിവ പെടുമോ എന്നതും വരും ദിനങ്ങളില്‍ വ്യക്തത വരുത്തും. ഹോട്ടല്‍ മേഖലയില്‍ വിവിധ തസ്തികകള്‍ നേരത്തെ സ്വദേശിവത്കരണത്തിന് വിധേയമാക്കിയിരുന്നു. ബാക്കിയുള്ളത് പാചകം, കാഷ്യര്‍ തുടങ്ങിയ തസ്തികകളാണ്. ഈ മേഖലയില്‍ പരിശീലനം നല്‍കിയ ശേഷമാകും സ്വദേശിവത്കരണം പ്രാബല്യത്തിലാക്കുക.

വിവിധ തൊഴില്‍ മേഖലയില്‍ പരിശീലനത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട് മന്ത്രാലയം. കോണ്‍ട്രാക്ടിങ്, റിയല്‍ എസ്റ്റേറ്റ് മേഖലയിലും സമാനമാണ് സ്ഥിതി. നേരത്തെ തന്നെ ഈ മേഖലയിലെ വിവിധ തസ്തികകള്‍ സ്വദേശിവത്കരണത്തിന് വിധേയമായിട്ടുണ്ട്. അവശേഷിക്കുന്ന തസ്തികകളാണ് അടുത്ത ഘട്ടത്തില്‍ നിയമനങ്ങള്‍ക്ക് വിധേയമാക്കുക. മൂന്നു മാസം കൊണ്ട് സ്വദേശിവത്കരണം സംബന്ധിച്ച ചിത്രം വ്യക്തമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

ബിരുദധാരികളായ സ്വദേശികള്‍ക്ക് പരിശീലനം, ഇവരെ റിക്രൂട്ട് ചെയ്യുന്നതിന് പ്രത്യേകം ഓഫീസുകള്‍, മനുഷ്യ വിഭവ ശേഷി വികസന നിധി ശാഖാ ഓഫീസുകള്‍ വഴി രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും തൊഴില്‍ പരിശീലനം, വനിതാ ജീവനക്കാരികള്‍ക്ക് വാത്രാ സൗകര്യം ഒരുക്കുന്നതിന് സഹായം എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്ന് മന്ത്രി അഹമദ് ബിന്‍ സുലൈമാന്‍ അല്‍ റാജ്ഹി വ്യക്തമാക്കി.