‘ആര്‍ത്തവ സമയത്ത് അമ്പലത്തില്‍ പോയിട്ടുണ്ടെന്ന് പെണ്‍കുട്ടി’; ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വിദ്യാര്‍ഥിനിക്കെതിരെ സംഘപരിവാറുകാരുടെ സൈബര്‍ ആക്രമണം

single-img
2 October 2018

ഏഷ്യാനെറ്റിലെ നേര്‍ക്ക് നേര്‍ പരിപാടിയില്‍ ആര്‍ത്തവകാലത്ത് ക്ഷേത്രത്തില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ പെണ്‍കുട്ടിക്ക് നേരെ സംഘപരിവാറുകാരുടെ സൈബര്‍ ആക്രമണം. കഴിഞ്ഞ ദിവസം ‘നേര്‍ക്ക് നേര്‍’ പരിപാടിയില്‍ രാഹുല്‍ ഈശ്വറിന്റെ ഭാര്യ ദീപയുമായുണ്ടായ ചര്‍ച്ചയ്ക്കിടെയാണ് പെണ്‍കുട്ടി അനുഭവം തുറന്ന് പറഞ്ഞത്.

ഒരു സ്ത്രീപോലും ആര്‍ത്തവ സമയത്ത് അമ്പലത്തില്‍ പോകാന്‍ ആഗ്രഹിക്കില്ലെന്ന ദീപയുടെ വാദത്തെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു പെണ്‍കുട്ടി. ആര്‍ത്തവ സമയത്ത് താന്‍ ക്ഷേത്രത്തില്‍ പോയിട്ടുണ്ടെന്നും ഒരിക്കലും ആ സമയത്തെ തന്റെ ശരീരം അശുദ്ധമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

എന്തുകൊണ്ട് ആ ദിവസം മാത്രം അമ്പലത്തില്‍ പോയെന്ന് ചോദിച്ചപ്പോള്‍ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണെന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. എന്നാല്‍ അതാണ് ഞങ്ങളുടെ പ്രശ്‌നം എന്നായിരുന്നു ദീപയുടെ മറുപടി. പ്രതിഷേധിക്കാനാണ് പെണ്‍കുട്ടി പോയത്. അല്ലാതെ വിശ്വാസം സംരക്ഷിക്കാന്‍ അല്ലെന്നും ആര്‍ത്തവ സമയത്തും ക്ഷേത്രത്തില്‍ പോയ പെണ്‍കുട്ടി വിശ്വാസിയേ അല്ലെന്നും ദീപ വാദിച്ചു.

ചര്‍ച്ചയില്‍ പങ്കെടുത്ത പലരും വിദ്യാര്‍ഥിനിയുടെ നിലപാടിന് പിന്തുണ നല്‍കിയെങ്കിലും വിശ്വാസികളായവര്‍ ഇതിനെ എതിര്‍ത്തിരുന്നു. ചര്‍ച്ചയ്ക്കു ശേഷമാണ് പെണ്‍കുട്ടിക്കു നേരെ സൈബര്‍ ആക്രമണം തുടങ്ങിയത്. ഫേക്കുകളും അല്ലാത്തവയുമായ നൂറുകണക്കിന് ‘അയ്യപ്പഭക്തരുടെ’ പ്രൊഫൈലുകള്‍, പ്രധാനമായും സംഘപരിവാര്‍ അനുകൂലികളുടെ പ്രൊഫൈലുകളില്‍ നിന്ന് കേട്ടാലറയ്ക്കുന്ന തെറി പറഞ്ഞാണ് ആക്രമിക്കുന്നത്.