പടുകൂറ്റന്‍ കര്‍ഷക മാര്‍ച്ച് പോലീസ് തടഞ്ഞു; ഡല്‍ഹിയില്‍ തെരുവുയുദ്ധം; ഞങ്ങള്‍ പാകിസ്താനിലേക്ക് പോകണോ എന്ന് കര്‍ഷകര്‍

single-img
2 October 2018

സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ കിസാന്‍ ക്രാന്തി യാത്ര എന്ന പേരില്‍ നടത്തിയ കൂറ്റന്‍ മാര്‍ച്ച് യു.പി ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. മാര്‍ച്ചിന്റെ 10ാം ദിവസം അതിര്‍ത്തിയില്‍ ഡല്‍ഹിയിലേക്ക് കടക്കാന്‍ കാത്തു നില്‍ക്കുകയായിരുന്ന പ്രതിഷേധക്കാരെയാണ് പൊലീസ് തടഞ്ഞത്.

ബാരിക്കേഡുകള്‍ കടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. നിരവധി റൗണ്ട് കണ്ണീർ വാതക ഷെല്ലുകളും ജലപീരങ്കിയും പൊലീസ് കർഷകർക്ക് നേരെ പ്രയോഗിച്ചു. എന്നിട്ടും പിൻമാറാൻ തയ്യാറാകാതിരുന്ന കർഷകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

കര്‍ഷക റാലി സമാധാനപരമായാണ് മുന്നോട്ടുനീങ്ങുന്നത്, പിന്നെ എന്തിനാണ് തടയുന്നതെന്നു ബികെയു പ്രസിഡന്റ്ര നരേഷ് തികൈത് ചോദിച്ചു. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ഇവിടുത്തെ സര്‍ക്കാറിനോട് പറയാന്‍ സാധിക്കില്ലെങ്കില്‍ പിന്നെ ആരോടാണ് പറയേണ്ടത്. ഞങ്ങള്‍ പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണോ നരേഷ് തികെയ്ത് ചോദിച്ചു.

മാര്‍ച്ചില്‍ എഴുപതിനായിരത്തോളം കര്‍ഷകരാണ് പങ്കെടുക്കുന്നത്. ഭാരതീയ കിസാന്‍ യൂണിയന്റെ(ബികെയു) നേതൃത്വത്തില്‍ കിസാന്‍ ക്രാന്തി പദയാത്ര എന്ന പേരിലാണ് റാലി. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണം, കര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിക്കണം, ചെറുകിട കര്‍ഷകരെ സഹായിക്കണം തുടങ്ങിയ ആവശ്യാങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.