ബാങ്കുകളില്‍ നിന്ന് ഭവനവായ്പ എടുത്തവര്‍ക്ക് ഇരുട്ടടി

single-img
2 October 2018

ബാങ്കുകളും ഹൗസിങ് ഫിനാന്‍സ് സ്ഥാപനങ്ങളും ഭവന വായ്പ നിരക്കുകള്‍ വര്‍ധിപ്പിച്ചു. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കമ്പനി(എച്ച്ഡിഎഫ്‌സി) തുടങ്ങിയ സ്ഥാപനങ്ങള്‍ 5-10 ബേസിസ് പോയന്റ് വര്‍ധന വരുത്തിക്കഴിഞ്ഞു.

റിസര്‍വ് ബാങ്കിന്റെ പണവായ്പ നയം പുറത്തുവരാനിരിക്കെയാണ് ഭവന വായ്പ നിരക്കുകള്‍ വര്‍ധിപ്പിച്ചത്. കഴിഞ്ഞ രണ്ടുതവണത്തെ പണവായ്പ നയത്തില്‍ റിസര്‍വ് ബാങ്ക് കാല്‍ ശതമാനംവീതം റിപ്പോ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. വരാനിരിക്കുന്ന റിവ്യു യോഗത്തിലും കാല്‍ ശതമാനം നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് നിരക്ക് പ്രകാരം ഒരുവര്‍ഷത്തെ നിരക്ക് 8.45 ശതമാനത്തില്‍നിന്ന് 8.50 ശതമാനമായി വര്‍ധിപ്പിച്ചു. 30 ലക്ഷം രൂപയുടെ ഭവനവായ്പയ്ക്ക് ഇതോടെ 8.70 ശതമാനം മുതല്‍ 8.85 ശതമാനംവരെയായി പലിശ. നേരത്തെ ഇത് 8.65 ശതമാനം മുതല്‍ 8.80 ശതമാനംവരെയായിരുന്നു.

ഐസിഐസിഐ ബാങ്ക് ആറുമാസത്തെ ലെന്റിങ് നിരക്ക് 8.50 ശതമാനത്തില്‍നിന്ന് 8.60ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഒരുവര്‍ഷത്തെ നിരക്ക് 8.55ശതമാനത്തില്‍നിന്ന് 8.65 ശതമാനവുമാക്കി. വായ്പയുടെ രീതിയനുസരിച്ച് 30 മുതല്‍ 90 വരെ ബേസിസ് പോയന്റ് വര്‍ധനവാണ് ഭവനവായ്പ പലിശയില്‍ വര്‍ധന വരിക.

ഹൗസിങ് ഫിനാന്‍സിങ് സ്ഥാപനമായ എച്ച്ഡിഎഫ്‌സിയുടെ 30 ലക്ഷം രൂപവരെയുള്ള വായ്പകളുടെ പലിശ 8.80 ശതമാനം മുതല്‍ 8.85 ശതമാനംവരെയായാണ് വര്‍ധിപ്പിച്ചത്. ഇത് യഥാക്രമം 8.70, 8.75 ശതമാനം എന്നിങ്ങനെയായിരുന്നു.