കലാഭവന്‍ മണിയുടെ മരണം: സിബിഐ സംവിധായകന്‍ വിനയന്റെ മൊഴിയെടുക്കും

single-img
1 October 2018

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ വിനയന്റെ മൊഴിയെടുക്കുമെന്ന് സിബിഐ അറിയിച്ചു. വിനയനോട് ബുധനാഴ്ച തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു.

മണിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി വിനയന്‍ സംവിധാനം ചെയ്ത ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന സിനിമ പുറത്തിറങ്ങിയതിനു പിന്നാലെയാണ് സിബിഐയുടെ നടപടി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തീയറ്ററുകളില്‍ എത്തിയത്. മിമിക്രി കലാകാരനായ രാജാമണിയാണ് നായകനായി വേഷമിട്ടത്.

മണിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഇനിയും നീങ്ങിയിട്ടില്ല. 2016 മാര്‍ച്ച് ആറിനായിരുന്നു മണിയുടെ മരണം. കൊലപാതകമെന്ന ആക്ഷേപം തുടക്കം മുതല്‍ തന്നെ ഉയര്‍ന്നിരുന്നുവെങ്കിലും പര്യാപ്തമായ തെളിവുകളൊന്നും പൊലീസിനു ലഭിച്ചിരുന്നില്ല.

പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിച്ചുവെങ്കിലും പുരോഗതിയുണ്ടായില്ല. സംശയിക്കപ്പെടുന്നവരുടെ നുണപരിശോധനയുള്‍പ്പെടെ ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചു. എന്നാല്‍ ആരോപിക്കുംവിധം മനഃപൂര്‍വം അപായപ്പെടുത്താനുള്ള സാധ്യതകളിലേക്കു വിരല്‍ചൂണ്ടുന്ന തെളിവുകള്‍ ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ മറുപടി.

സത്യം പുറത്തുകൊണ്ടുവരാന്‍ ഹൈക്കോടതി സിബിഐ അന്വേഷണത്തിനു ഉത്തരവിടുകയായിരുന്നു. വിഷമദ്യം അകത്തു ചെന്നുവെന്നു വ്യക്തമാക്കിയുള്ള രണ്ട് ലാബ് റിപ്പോര്‍ട്ടുകളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തു വന്നതനുസരിച്ചു വീണ്ടും പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.