Movies

ബിഗ്‌ബോസ് വിന്നറായ സാബു മോന് കിടിലന്‍ സര്‍പ്രൈസ്

മലയാളം ചര്‍ച്ച ചെയ്ത റിയാലിറ്റി ഷോ ബിഗ് ബോസിന് പര്യവസാനം. നൂറ് ദിനങ്ങള്‍ വാശിയേറിയ പോരാട്ടം കാഴ്ചവച്ച് 16 മത്സരാര്‍ത്ഥികളെ പിന്തള്ളി സാബുമോന്‍ അബ്ദുസമദ് ബിഗ് ബോസ് സീസണ്‍ 1ന്റെ കിരീടമണിഞ്ഞു. അവതാരകനായ മോഹന്‍ലാലാണ് വിജയിയെ പ്രഖ്യാപിച്ചത്.

ഫിനാലെയിലെത്തിയ അഞ്ചു പേരില്‍ നിന്നുമാണ് സാബുവിനെ വിജയിയായി പ്രഖ്യാപിച്ചത്. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഫലപ്രഖ്യാപനം. നടിയും അവതാരകയുമായ പേളി മാണിയാണ് ഫസ്റ്റ് റണ്ണര്‍ അപ്. 1.86 കോടി വോട്ടുകളാണ് സാബുവിന് കിട്ടിയത്. രണ്ടാമതെത്തിയ പേളിക്ക് ലഭിച്ചത് 1.58 കോടി വോട്ടുകളും.

കോണ്‍ഫിഡന്റ് ഗ്രൂപ്പ് നല്‍കുന്ന ഒരു കോടി രൂപയുടെ ഫ്‌ളാറ്റാണ് ഒന്നാം സമ്മാനം. സാബു മോന് ഫഌറ്റിന് പുറമേ രണ്ട് കിടിലന്‍ സര്‍പ്രെസും ബിഗ് ബോസ് ഒരുക്കിയിരുന്നു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ സിനിമയായ ജെല്ലികെട്ടിലും വിജയ് ബാബു നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലും രണ്ട് കിടിലന്‍ വേഷങ്ങളാണ് സാബുവിനായി കാത്തിരിക്കുന്നത്. ബിഗ് ബോസ് ഗ്രാന്റ് ഫിനാലെയില്‍ നേരിട്ട് എത്തിയായിരുന്നു ഇരുവരുടെയും പ്രഖ്യാപനം.

തരികിട എന്ന ചാനല്‍ പരിപാടിയിലൂടെയാണ് സാബുമോന്‍ പ്രശസ്തനായത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളത്തില്‍ ആരംഭിച്ച പ്രമുഖ ചാനലില്‍ തരികിടയോട് സാമ്യമുള്ള പരിപാടിയുമായെത്തിയ സാബു പിന്നെയും ശ്രദ്ധേയനായി. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചില ഇടപെടലുകള്‍ അദ്ദേഹത്തെ സിനിമാലോകത്ത് ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതിന്റെ തുടര്‍ച്ചയായി രഞ്ജിനി ഹരിദാസുമായും, യുവമോര്‍ച്ച വനിതാ നേതാവായ ലസിത പാലയ്ക്കലുമായും ഫേസ്ബുക്കിലുണ്ടായ ഉരസല്‍ പൊലീസ് കേസായി മാറുകയും ചെയ്തു. ഒരു ഇടവേളയ്ക്ക് ശേഷം മലയാളികള്‍ സാബുമോനെ കാണുന്നത് ബിഗ് ബോസ് മലയാളം ഷോ ആരംഭിച്ച ദിവസമാണ്.

അപ്രതീക്ഷിതമായി സാബുമോനെ, ബിഗ്‌ബോസ് അവതാരകനായെത്തിയ മോഹന്‍ലാല്‍ ക്ഷണിക്കുകയായിരുന്നു. ബിഗ് ബോസ് വീട്ടിലെത്തിയ സാബുമോനെ കാത്തിരുന്നത് രഞ്ജിനി ഹരിദാസടക്കമുള്ള പ്രശസ്തരും. കണ്ടമാത്രയില്‍ സാബുമോനോട് അനിഷ്ടം പ്രകടിപ്പിച്ച രഞ്ജിനി പക്ഷേ ബിഗ് ബോസ് ഹൗസ് വിടുന്നത് സാബുമോന്റെ ഉറ്റ ചങ്ങാതിയായിട്ടാണ്.

സ്വന്തമായി നിലപാടുള്ള ആകാശത്തിന് താഴെയുളള എന്തിനെ കുറിച്ചും അറിവുള്ള ഒരാളാണ് സാബുമോനെന്ന് വരും ദിനങ്ങളില്‍ മലയാളികള്‍ മനസിലാക്കി. ഒടുവില്‍ ഫിനാലയില്‍ പേളി മാണിയെന്ന കരുത്തേറിയ മത്സരാര്‍ത്ഥിയെ തോല്‍പ്പിച്ച് ഒരു കോടിയില്‍പ്പരം രൂപയുടെ സമ്മാനവും കരസ്ഥമാക്കി നല്ലകുട്ടിയെന്ന ലേബലും സ്വന്തമാക്കി മടങ്ങുമ്പോള്‍ കഴിഞ്ഞ നൂറ് ദിനങ്ങള്‍ തനിക്ക് പരിവര്‍ത്തനത്തിന്റേതായിരുന്നു എന്ന് തുറന്ന് സമ്മതിക്കാന്‍ സാബുമോന് മടിയൊന്നുമില്ല.

അതേസമയം ബിഗ് ബോസ് വിന്നറായി പുറത്തേക്ക് വരുന്ന സാബു മോന്‍ അഴിക്കുള്ളിലാകുമോ? എന്നാണ് പ്രേക്ഷകരുടെ ഇപ്പോഴത്തെ സംശയം. സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപമാനിച്ചതുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നേതാവായ ലസിത പാലയ്ക്കല്‍ സാബു മോനെതിരെ പരാതി നല്‍കിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് താരത്തെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ താരത്തെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പിടികിട്ടാപ്പുള്ളിയായി തുടരുകയായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി അദ്ദേഹം ബിഗ് ബോസിലേക്ക് എത്തിയത്.

ഇതിനിടെ പൊലീസ് സാബുവിനെ ചോദ്യം ചെയ്തുവെന്ന് സൂചനകള്‍ പുറത്തുവന്നു. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പരാതിയില്‍ ലസിതാ പാലയ്ക്കല്‍ ഉറച്ചു നില്‍ക്കുമ്പോഴാണ് സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ കുടുങ്ങിയ സാബു തിരിച്ചെത്തുന്നത്. ഇനി സാബു യാഥാര്‍ത്ഥ താരമാണ്. പഴയ കഥകളെല്ലാം ഇനി ഏവരും മറക്കും. അത്രയേറെ പ്രേക്ഷക വോട്ടുകള്‍ നേടിയാണ് സാബു ബിഗ് ബോസിലെ താരമായത്.

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടും ആരോപണ വിധേയനായിരുന്നു സാബു. കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുന്നുണ്ട്. എന്നാല്‍ മരണം കൊലപതാകമാണോ എന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇതുകൊണ്ട് മാത്രമാണ് സിബിഐയുടെ അന്വേഷണം നീളാന്‍ കാരണം.

കലാഭവന്‍ മണി മരിക്കുമ്പോള്‍ ദുരൂഹ സാഹചര്യത്തില്‍ പാഡിയില്‍ ഉണ്ടായിരുന്നവരാണ് ഇടുക്കി ജാഫറും കൂട്ടുകാരനായ തരികിട സാബുവും. ജാഫര്‍ ഇടുക്കിയും തരികിട സാബുവിനെയും സംശിയിക്കുന്ന തരത്തില്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.

വിമര്‍ശനം ഉന്നയിച്ച മണിയുടെ സഹോദരനെ ഫേസ്ബുക്കിലൂടെ തെറിവിളിച്ച് തരികിട സാബു രംഗതെത്തെത്തിയിരുന്നു. ഇതിന് സമാനമായി പല ഘട്ടങ്ങളിലും സാബു സോഷ്യല്‍ മീഡിയയിലൂടെ എതിരാളികള്‍ക്കെതിരെ കത്തിക്കയറി. മോഹന്‍ലാല്‍ ഫാന്‍സുകാരെ ഊളയെന്നും വിളിച്ചും വിമര്‍ശന ശരമേറ്റ് വാങ്ങി. റിമി ടോമിക്കെതിരായ പുലയാട്ട് പരാമര്‍ശവും തരികിട സാബുവിനെ ചര്‍ച്ചയില്‍ നിറച്ചിരുന്നു. അന്നെല്ലാം പുതിയ ന്യാങ്ങളുമായി എല്ലാത്തിനേയും സാബു നേരിട്ടു. ഇത്തരത്തിലൊരു വ്യക്തിയാണ് ബിഗ് ബോസിലെ താരമായത്.

അധോലോക വക്താവെന്ന നിലയില്‍ ബിഗ് ബോസില്‍ സാബുവിനെ കുറിച്ച് ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ കരുതലോടെയുള്ള ഇടപെടലുമായി സാബു ബിഗ് ബോസില്‍ താരമായി. പരിപാടി 50 ദിവസം പിന്നിട്ടപ്പോള്‍ തന്നെ സാബുവാകും താരമെന്ന പൊതു വിലയിരുത്തലുകളെത്തി. അത് ശരിവയ്ക്കും വിധമാണ് വിജയിയെ ഏഷ്യാനെറ്റ് പ്രഖ്യാപിച്ചത്.