Breaking News

സന്നിധാനത്ത് സ്ത്രീകള്‍ക്കു പ്രത്യേക സൗകര്യമൊരുക്കി സര്‍ക്കാര്‍; വിധി തിരക്കിട്ട് നടപ്പാക്കരുതെന്ന് ഉമ്മന്‍ചാണ്ടി; സമരത്തിനൊരുങ്ങി ബിജെപി

ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക സൗകര്യമൊരുക്കി സര്‍ക്കാര്‍. നിലയ്ക്കലിലും സന്നിധാനത്തും സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വിരിവയ്ക്കാന്‍ പ്രത്യേക സൗകര്യവും പ്രത്യേക ശുചിമുറികളും ഒരുക്കും.

ശുചിമുറികള്‍ക്ക് പ്രത്യേക നിറം നല്‍കും. എന്നാല്‍ സന്നിധാനത്ത് സ്ത്രീകള്‍ക്ക് പ്രത്യേക ക്യൂ ഉണ്ടാകില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമായതോടെ സ്വീകരിക്കേണ്ട ഒരുക്കങ്ങളേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

അതേസമയം, ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റംവരുത്തുന്നതിനോട് യോജിപ്പില്ലെന്ന് പന്തളം രാജകുടുംബം ആവര്‍ത്തിച്ചു. ക്ഷേത്രങ്ങളിലെ ആചാരക്രമങ്ങള്‍ നടപ്പിലാക്കേണ്ടത് ഹൈന്ദവസമൂഹമാണെന്ന് രാജകുടംബത്തിന്റെ പതിനിധി ശശികുമാരവര്‍മ്മ പറഞ്ഞു.

ആരെയൊക്കെയോ തൃപ്തിപ്പെടുത്താന്‍ വേണ്ടി മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമായാണു ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധി. അയ്യപ്പ ഭക്തരുടെ പ്രതിനിധികള്‍ എന്ന നിലയില്‍ സുപ്രീം കോടതി വിധിക്കെതിരെ രാഷ്ട്രപതി അടക്കമുള്ളവരെ കൊട്ടാരം സമീപിക്കും.

ഇക്കാര്യത്തില്‍ നിയമ വിദഗ്ധരുടെ ഉപദേശം സ്വീകരിച്ചും ഭക്തരുടെ സംഘടനകളുമായി സഹകരിച്ചും ആയിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നു ശശികുമാരവര്‍മ പറഞ്ഞു. സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശിക്കുന്നതിന് ഒരു തടസ്സവുമില്ല. ആകെയുള്ളത് യുവതി നിയന്ത്രണം മാത്രമാണെന്നും ശശികുമാര വര്‍മ പറഞ്ഞു.

അതിനിടെ ശബരിമല സ്ത്രീപ്രവേശത്തില്‍ സുപ്രീംകോടതി വിധി തിരക്കിട്ട് നടപ്പാക്കരുതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. പുനപരിശോധന ഹര്‍ജിയുടെ സാധ്യതകള്‍ പരിശോധിക്കാതെ തുടര്‍ നടപടികള്‍ സ്വീകരിക്കരുത്. കോടതിവിധി ഉയര്‍ത്തിയ ജനവികാരം കൂടി കണക്കിലെടുത്ത് ഒരു തീരുമാനം എടുക്കാനുള്ള എല്ലാ സാധ്യതകളും പരിശോധിക്കണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു.

സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സുപ്രീംകോടതി വിധി ഉണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതവും പ്രയോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുക്കേണ്ടതുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

അതേസമയം സുപ്രീംകോടതി വിധിക്കെതിരെ സമരത്തിനൊരുങ്ങി ബിജെപി. യുവമോര്‍ച്ചയും മഹിളാമോര്‍ച്ചയും സമരത്തിനു നേതൃത്വം നല്‍കും. വിശ്വാസം സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാനും പാര്‍ട്ടിക്കു നീക്കമുണ്ട്.

സ്ത്രീപ്രവേശനത്തെ നേരത്തേ മുതല്‍ ആര്‍എസ്എസ് ദേശീയതലത്തില്‍ പിന്തുണച്ചുവരുന്നതിനാല്‍ കേരളത്തിലെ ബിജെപി കടുത്ത നിലപാട് എടുത്തിരുന്നില്ല. ഇതു പാര്‍ട്ടി അണികളില്‍ വ്യാപക അതൃപ്തിക്ക് ഇടയായെന്ന നിഗമനത്തിലാണു സമരത്തിനൊരുങ്ങാന്‍ ബിജെപി തീരുമാനിച്ചത്.

മഹിളാമോര്‍ച്ചയും വിശ്വഹിന്ദു പരിഷത്തും ഹിന്ദു ഐക്യവേദിയും വിധിക്കെതിരാണ്. ശബരിമല വിഷയത്തില്‍ ചില ഹിന്ദു സംഘടനകളുടെ മൗനം ഹൈന്ദവ വിശ്വാസികളോടുള്ള അനീതിയാണെന്നു മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന്‍ പ്രതികരിച്ചു.

വിഷയത്തില്‍ ബിജെപി ഔദ്യോഗിക നിലപാട് വ്യക്തമാക്കിയതോടെ പാര്‍ട്ടിക്കുള്ളില്‍ ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങള്‍ സജീവമായിരിക്കുകയാണ്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയില്‍ അനുവദിക്കണമെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്റെ നിലപാട്.

അയ്യപ്പന്‍ സ്ത്രീ വിരോധിയല്ലെന്നും ആര്‍ത്തവം പ്രകൃതി നിയമമാണെന്നും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നും സുരേന്ദ്രന്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആര്‍എസ്എസിനും ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളേയും പ്രവേശിപ്പിക്കണം എന്നാണ് അഭിപ്രായം.