ചാനല്‍ ചര്‍ച്ചക്കിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കള്ളനെന്ന് വിളിച്ച് രാഹുല്‍ ഈശ്വര്‍

single-img
1 October 2018

ശബരി മലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച കോടതി വിധി പുറപ്പെടുവിച്ച ബെഞ്ചിന്റെ അധ്യക്ഷനായ ചീഫ് ജസ്റ്റിസിനെ കള്ളനെന്ന് വിളിച്ച് ശബരിമല തന്ത്രി കുടുംബാഗം രാഹുല്‍ ഈശ്വര്‍. റിപ്പോര്‍ട്ടര്‍ ചാനലില്‍ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് നയിച്ച ചര്‍ച്ചക്കിടെയായിരുന്നു രാഹുല്‍ ഈശ്വറിന്റെ ഗുരുതര പരാമര്‍ശം.

‘എന്റെ നെഞ്ചില്‍ കുത്തിയിരിക്കുന്ന ഇന്ത്യന്‍ ഫ്‌ളാഗാണേ നെഞ്ചിനുള്ളിലുള്ള അയ്യപ്പസ്വാമിയാണേ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര കള്ളനാ. നിങ്ങള്‍ക്ക് എല്ലാം അത് അറിയാമെന്നായിരുന്നു’ രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശം. റിട്ടയര്‍മെന്റിന് മുമ്പ് സത്‌പേര് ഉണ്ടാക്കുന്നതിനായിട്ടാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഈ വിധി പറഞ്ഞത്.

ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് പ്രതിപക്ഷം നീങ്ങിയതും നാലു ജഡ്ജിമാര്‍ ചീഫ് ജസ്റ്റീസിനെതിരെ പത്രസമ്മേളനം നടത്തിയതും ചൂണ്ടിക്കാട്ടി വീണ്ടും ദീപക് മിശ്രയെ കള്ളായെന്ന് രാഹുല്‍ ഈശ്വര്‍ വിളിച്ചു. മുഖത്ത് നോക്കി ചീഫ് ജസ്റ്റീസിനെ കള്ളായെന്ന് വിളിക്കമെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശം അതിരു വിട്ടതോടെ അവതാരകന്‍ അഭിലാഷ് മോഹന്‍ ചര്‍ച്ചയില്‍ ഇടപെടുകയായിരുന്നു. വിധി പറഞ്ഞ ജഡ്ജിയെ പറ്റി മോശമായി സംസാരിക്കുന്നത് ശരിയല്ലെന്ന് അഭിലാഷ് മോഹന്‍ പറഞ്ഞു. താന്‍ നയിക്കുന്ന ചര്‍ച്ചയില്‍ ആരെയും വ്യക്തിഹത്യ നടത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.