ഖത്തറില്‍ പ്രവാസികള്‍ക്ക് രാജ്യം വിടാനുള്ള എക്‌സിറ്റ് പെര്‍മിറ്റ്: അഞ്ച് ശതമാനം തൊഴിലാളികളെ നിശ്ചയിക്കാനുള്ള പൂര്‍ണാധികാരം തൊഴിലുടമയ്ക്ക്

single-img
1 October 2018

ഖത്തറില്‍ വിദേശികള്‍ക്ക് രാജ്യം വിടാനുള്ള എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കിക്കൊണ്ട് കഴിഞ്ഞ മാസമാണ് അമീര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഓരോ കമ്പനിയിലെയും അഞ്ച് ശതമാനം തൊഴിലാളികളെ എക്‌സിറ്റ് പെര്‍മിറ്റ് നിബന്ധനയ്ക്ക് കീഴില്‍ കൊണ്ടുവരാമെന്നും ഉത്തരവുണ്ടായിരുന്നു.

എന്നാല്‍ ഈ ഉത്തരവ് പലവിധ സംശയങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഇതോടെ തൊഴില്‍ പരിശോധന വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അലി അല്‍മീര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തി. രാജ്യം വിടുന്നതിന് എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമുള്ള അഞ്ച് ശതമാനം തൊഴിലാളികളെ നിശ്ചയിക്കാനുള്ള പൂര്‍ണാധികാരം തൊഴിലുടമയ്ക്കാണെന്ന് അദ്ദേഹം പറഞ്ഞു.

തൊഴിലാളികളുടെ സമ്മതമോ അഭിപ്രായമോ തേടാതെ തന്നെ ഈ അഞ്ച് ശതമാനം തൊഴിലാളികളെ തൊഴിലുടമയ്ക്ക് തെരഞ്ഞെടുക്കാം. മാനേജര്‍, അക്കൌണ്ടന്റ്, പി.ആര്‍.ഒ തുടങ്ങി കമ്പനിയുടെ മര്‍മ്മപ്രധാന തസ്‌കതികകളിലുള്ളവരെയാണ് ഈ അഞ്ച് ശതമാനത്തിലുള്‍പ്പെടുത്തേണ്ടി വരിക.

തൊഴിലാളികള്‍ രാജ്യം വിടുന്നത് കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ വേണ്ടിയാണ് അഞ്ച് ശതമാനത്തെ ഒഴിവാക്കിക്കൊണ്ട് നിയമഭേദഗതി പുറപ്പെടുവിച്ചത്. എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമില്ലാതെ വരുമ്പോള്‍ തൊഴിലാളികള്‍ തന്നിഷ്ടപ്രകാരം രാജ്യം വിടുന്ന സാഹചര്യമുണ്ടാകും. ഇത് കമ്പനികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചേക്കാം. അത്തരം സാഹചര്യങ്ങളൊഴിവാക്കാന്‍ തൊഴിലുടമ തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു