ബ്‌ളേഡ് രാജനെ കസ്റ്റഡിയില്‍ വിട്ടു; പ്രോസിക്യൂട്ടര്‍ പ്രതിഷേധിച്ചു; ജഡ്ജി ഇറങ്ങിപ്പോയി; തോപ്പുംപടി കോടതിയില്‍ നാടകീയ രംഗങ്ങള്‍

single-img
1 October 2018

കോടികളുടെ പലിശ ഇടപാട് കേസില്‍ ഏറെ സാഹസികമായി പിടികൂടിക്കൊണ്ടുവന്ന മഹാരാജ മഹാദേവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തെ ജാമ്യത്തിനുശേഷം പത്ത് ദിവസത്തേക്കാണ് തോപ്പുംപടി മജിസ്‌ട്രേറ്റ് കോടതി മഹാരാജിനെ കസ്റ്റഡിയില്‍ വിട്ടത്.

ഞായറാഴ്ചയാണ് അറസ്റ്റിലായ ശേഷം മഹാരാജ മഹാദേവനെ കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ ഒരുദിവസത്തെ ജാമ്യത്തില്‍ വിട്ടതിന് ശേഷം തിങ്കളാഴ്ച 11മണിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. തുടര്‍ന്ന് 11 മണിക്ക് ഹാജരായ മഹാരാജനെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടാനാണ് പോലീസ് ആവശ്യപ്പെട്ടത്.

10 ദിവസത്തെ കസ്റ്റഡി തന്നെ അനുവദിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് നാടകീയ രംഗങ്ങള്‍ കോടതിയില്‍ അരങ്ങേറിയത്. കേസില്‍ തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ട്. ഗുരുതരമായ വഞ്ചനയാണ് ഇതില്‍ നടന്നിരിക്കുന്നത്. ഇത് സമൂഹത്തെ ബാധിക്കുന്ന വലിയൊരു സംഭവമാണ് തുടങ്ങിയ കാര്യങ്ങളും പ്രോസിക്യൂട്ടര്‍ വാദിച്ചു.

എന്നാല്‍ ഇത് കേസിന്റെ മെറിറ്റിലേക്ക് കടക്കുന്ന കാര്യമാണ്. അത് ഇപ്പോള്‍ കേള്‍ക്കാനാവില്ല. പിന്നീട് കേള്‍ക്കാമെന്ന് ജഡ്ജി പറഞ്ഞു. ഇതോടെ പ്രോസിക്യൂട്ടര്‍ കോടതിക്കകത്തുവെച്ച് പരസ്യമായി പ്രതിഷേധം അറിയിച്ചു. ഇതോടെ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് ജഡ്ജി ചേംബറിലേക്ക് ഇറങ്ങിപ്പോകുകയായിരുന്നു.

തമിഴ്‌നാട്ടില്‍ നിന്നാണ് കൊളളപ്പലിശക്കാരന്‍ മഹാരാജനെ പൊലീസ് അതിസാഹസികമായി പിടികൂടിയത്. മഹാരാജയുടെ ഉന്നതതല ബന്ധങ്ങളെ പറ്റി കൊച്ചി പൊലീസ് അന്വേഷണം തുടങ്ങി. ശതകോടികളുടെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്ന മഹാരാജന് തമിഴ്‌നാട്ടിലെ രാഷ്ട്രീയ വ്യവസായ മേഖലകളിലെ ഉന്നതരുമായി അടുത്തബന്ധമുണ്ടായിരുന്നെന്ന സൂചനകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

നിയമവിരുദ്ധമായ പണമിടപാടുകള്‍ക്ക് മഹാരാജന് തുണയായിരുന്നതും ഈ ബന്ധങ്ങളാണെന്നും വ്യക്തമായിട്ടുണ്ട്. ബെനാമി ഇടപാടുകളെ പറ്റി സംശയമുയര്‍ന്നതും ഈ സാഹചര്യത്തിലാണ്. ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങള്‍ അന്വേഷണ സംഘം ഉയര്‍ത്തിയെങ്കിലും കൃത്യമായ മറുപടി മഹാരാജനില്‍ നിന്ന് കിട്ടിയില്ല.

ഈ സാഹചര്യത്തിലാണ് ബെനാമി ഇടപാടുകളെ പറ്റി വിശദമായ തെളിവുകള്‍ സ്വീകരിക്കാനുളള അന്വേഷണ സംഘത്തിന്റെ നീക്കം. ചില സഹകരണ ബാങ്കുകളും, പുതുതലമുറ ബാങ്കുകളും മഹാരാജന്റെ സാമ്പത്തിക തട്ടിപ്പിന് സഹായമൊരുക്കിയിരുന്നെന്ന സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഇതേകുറിച്ചും അന്വേഷണം സജീവമാണ്. അതേസമയം കൊച്ചി പളളുരുത്തിയിലെ ആഡംബര റിസോര്‍ട്ട് കേന്ദ്രീകരിച്ചാണ് മഹാരാജനും സംഘവും കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതെന്നും വ്യക്തമായി. മഹാരാജന്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെ ഈ റിസോര്‍ട്ടില്‍ ഉണ്ടായിരുന്ന മഹാരാജന്റെ അടുത്ത സഹായികള്‍ ഇവിടമുപേക്ഷിച്ച് രക്ഷപ്പെട്ടു.