കേരള പോലീസ് ദിവസങ്ങള്‍ കാത്തുനിന്നു; പുറത്തിറങ്ങിയ ഉടന്‍ അറസ്റ്റ്; കേരളത്തിലെത്തിച്ചപ്പോള്‍ ജാമ്യം

single-img
1 October 2018

കേരള പോലീസ് ചെന്നൈയില്‍ നിന്ന് പിടികൂടിയ കൊള്ളപ്പലിശക്കാരന്‍ മഹാരാജ മഹാദേവന് ജാമ്യം അനുവദിച്ചു. തോപ്പുംപടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജിയാണ് ജാമ്യം അനുവദിച്ചത്. ജഡ്ജിയുടെ വസതിയിലാണ് മഹാരാജയെ ഹാജരാക്കിയത്.

അതിസാഹസികമായാണ് മഹാരാജയെ പള്ളൂരുത്തി സിഐയും സംഘവും അറസ്റ്റ് ചെയ്തത്. കൊച്ചി സ്വദേശിയായ ഫിലിപ്പ് ജേക്കബ് എന്നയാളാണ് കൊള്ളപ്പലിശക്കാരായ സംഘത്തിനെതിരെ ആദ്യം പോലീസില്‍ പരാതി നല്‍കിയത്. 40 ലക്ഷം രൂപ വായ്പ്പയെടുക്കുകയും പിന്നീട് പലിശയും കൊള്ളപ്പലിശയുമടക്കം തിരികെ നല്‍കിയിട്ടും മഹാരാജയുടെ കൂട്ടാളികള്‍ ഉപദ്രവിക്കുന്നെന്നുമായിരുന്നു പരാതി

ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേരളം കേന്ദ്രീകരിച്ച് 500 കോടി രൂപയുടെ പലിശ ഇടപാട് നടത്തുന്നത് ചെന്നൈ സ്വദേശിയായ മഹാരാജ മഹാദേവനാണെന്ന് പോലീസിന് വ്യക്തമായത്.

അഞ്ച് ദിവസത്തോളം ചെന്നൈയില്‍ തങ്ങി വിരുഗംപാക്കത്തെ മഹാരാജന്റെ വീടും പരിസരവും ഓഫിസുമെല്ലാം നിരീക്ഷിച്ച ശേഷമാണ് പൊലീസ് ഇയാള്‍ക്കായി വലവിരിച്ചത്. കഴിഞ്ഞ ജൂലൈയിലും പൊലീസ് സംഘം ഇയാളെ ചെന്നൈയിലെത്തി പിടികൂടിയെങ്കിലും കോയമ്പത്തൂര്‍ ടോള്‍ പ്ലാസയില്‍ ഗുണ്ടാസംഘം പൊലീസിനെ വളഞ്ഞ് മഹാരാജനെ മോചിപ്പിക്കുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് പള്ളുരുത്തി സിഐ കെ.ജി. അനീഷ് കുമാറിന്റെയും എളമക്കര എസ്‌ഐ പ്രേംകുമാറിന്റെയും നേതൃത്വത്തിലുള്ള സായുധ പൊലീസ് ഇത്തവണ കരുതലോടെ നീങ്ങിയത്. എപ്പോഴും ആയുധധാരികളായ അംഗരക്ഷകരോടൊപ്പം സഞ്ചരിക്കുന്ന ഇയാള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നതു കാത്തിരിക്കുകയായിരുന്നു പൊലീസ്.

ശനിയാഴ്ച ഉച്ചയോടെ ഇയാള്‍ വീടിന് പുറത്തിറങ്ങിയപ്പോള്‍ ടാക്‌സിയില്‍ സമീപത്തു കാത്തു കിടന്നിരുന്ന പൊലീസ് അടുത്തെത്തി കാറില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. വീടിനുള്ളില്‍നിന്ന് ഓടിയെത്തിയ സ്ത്രീകളുള്‍പ്പെടെയുള്ള അനുയായികള്‍ പ്രതിരോധം തീര്‍ത്തു.

20 മിനിറ്റോളം നീണ്ട സംഘര്‍ഷത്തിനൊടുവില്‍ മൂന്ന് റൗണ്ട് ആകാശത്തേക്ക് വെടിവച്ച് അനുയായികളെ തുരത്തിയ ശേഷമാണു പൊലീസ് ഇയാളെ വിരുഗംപാക്കം സ്റ്റേഷനിലെത്തിച്ചത്. കേരള പൊലീസിലെ ഉന്നത തലത്തില്‍നിന്നു ബന്ധപ്പെട്ടാണു തമിഴ്‌നാട് പൊലീസിന്റെ സഹകരണം ഉറപ്പാക്കിയത്.

പൊലീസ് സ്റ്റേഷനില്‍നിന്ന് തമിഴ്‌നാട് പൊലീസ് അകമ്പടിയോടെയാണ് എയര്‍ പോര്‍ട്ടില്‍ എത്തിച്ചത്. അതുവരെ മഹാരാജന്റെ അനുയായിസംഘം വാഹനത്തില്‍ പിന്തുടര്‍ന്നിരുന്നതായി പൊലീസ് പറഞ്ഞു. വിമാനമാര്‍ഗം ഇന്നലെ രാവിലെ കോഴിക്കോട്ടേക്കാണ് ഇയാളെ കൊണ്ടുവന്നത്. വിമാനത്തിലും ഇയാളുടെ മൂന്ന് അനുയായികള്‍ ഒപ്പം വന്നിരുന്നു. കോഴിക്കോട്ടുനിന്ന് കൂടുതല്‍ പൊലീസ് അകമ്പടിയോടെ കൊച്ചിയിലെത്തിക്കുകയായിരുന്നു.