ബിജെപി നേതാവ് എച്ച്.രാജയെ ട്രോളി വിജയ് സേതുപതിയുടെ തകര്‍പ്പന്‍ മറുപടി; ചിരിയടക്കി തൃഷ; വേദിയില്‍ നിറഞ്ഞ കയ്യടി

single-img
30 September 2018

സിനിമയില്‍ അഭിനയത്തിന്റെയും കഷ്ടപ്പാടിന്റെയും മറ്റൊരു പേരാണ് വിജയ് സേതുപതി. തന്റെ അഭിനയ പ്രതിഭ കൊണ്ട് മക്കള്‍ സെല്‍വന്‍ എന്ന പേര് സമ്പാദിച്ച വിജയ് സേതുപതി തന്റെ ഓരോ സിനിമയിലും വ്യത്യസ്തത നിലനിര്‍ത്താറുണ്ട്. സ്വതസിദ്ധമായ ശൈലിയിലുള്ള സംസാരം കൊണ്ടും ഉരുളക്കുപ്പേരി പോലുള്ള മറുപടികള്‍ കൊണ്ടും സദസിനെ രസിപ്പിക്കുന്ന വിജയ് സേതുപതി സ്‌റ്റൈലിന് തമിഴകത്ത് വലിയ സ്വീകാര്യതയുണ്ട്.

പുതിയ സിനിമയായ 96ന്റെ ഭാഗമായി നടത്തിയ പ്രസ്സ് മീറ്റില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ വീട്ടില്‍ റെയ്ഡ് നടന്നതിനെ കുറിച്ചു ചോദിച്ചപ്പോളാണ് എച്ച്.രാജയെ ട്രോളിക്കൊണ്ട് വിജയ് സേതുപതി മറുപടി പറഞ്ഞത്.

റെയ്ഡ് അല്ലെന്നും സര്‍വെ നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി വിജയ് സേതുപതി വ്യക്തമാക്കി. കൃത്യമായി നികുതിയടക്കുന്ന ആളാണ് താന്‍. ഓഡിറ്റുമായി ബന്ധപ്പെട്ട് തോന്നിയ സംശയനിവാരണം നടത്തുക മാത്രമാണ് നടന്നതെന്ന് താരം കൂട്ടിച്ചേര്‍ത്തു.

പിന്നീടുള്ള മറുപടിക്കായിരുന്നു കയ്യടി. എന്തെങ്കിലും കാര്യങ്ങള്‍ തുറന്ന് പറഞ്ഞിട്ട് അത് ഞാനല്ല എന്റെ അഡ്മിനാണ് എന്ന് പറയുന്നത് ഒരു ട്രെന്റാണല്ലോ. ഞാന്‍ അത്തരത്തിലുള്ള ആളല്ല എന്റെ വീട്ടില്‍ തന്നെയാണ് പരിശോധന നടന്നത്. തെറ്റായ വാര്‍ത്തകള്‍ പെട്ടെന്ന് പ്രചരിക്കുമെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.

നിറഞ്ഞ കയ്യടിയോടെയാണ് സേതുപതിയുടെ വാക്കുകളെ സ്വീകരിച്ചത്. ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെ പ്രസ്താവനകള്‍ നടത്തുകളും വിവാദമായതിന് ശേഷം അത് താനല്ല അഡ്മിനാണ് ചെയ്തതെന്ന് എച്ച്.രാജ ഒന്നിലധികം തവണ നിലപാടെടുത്തിരുന്നു. തുടര്‍ന്നാണ് അത് ഞാനല്ല എന്റെ അഡ്മിനാണ് ചെയ്തത് എന്ന തമാശ പ്രചരിക്കാന്‍ തുടങ്ങിയത്.