ശബരിമല ചവിട്ടിയാല്‍ നിര്‍ഭയയെ ചെയ്തതു പോലെ ബലാത്സംഗം ചെയ്യും; വേണ്ടിവന്നാല്‍ കൊല്ലും: സുപ്രീംകോടതി വിധിക്കു പിന്നാലെ ഭീഷണിമുഴക്കി ഹിന്ദുത്വവാദികള്‍

single-img
30 September 2018

തിരുവനന്തപുരം: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീംകോടതിയുടെ വിധിക്കു പിന്നാലെ കൊലപാതക- ബലാത്സം​ഗ ആഹ്വാനവുമായി സൈബർ ഹിന്ദുത്വവാദികൾ രംഗത്ത്.

ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്കെതിരെ പരസ്യമായി ബലാത്സം​ഗ- കൊലപാതക ആഹ്വാനം ഇവർ നടത്തിയിരിക്കുന്നത് ഫേസ്ബുക്കിലൂടെയാണ്. സുപ്രീംകോടതിയുടെ വിധി വന്നതോടെ താനും ശബരിമലയിലെത്തും എന്ന് വ്യക്തമാക്കിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ ഡൽഹിയിൽ നിർഭയയെ ചെയ്തതു പോലെ ബലാത്സം​ഗം ചെയ്യണം എന്നാണ് അഭിജിത്ത് സി നായർ എന്നയാളുടെ കമന്റ്.

വേൾഡ് നായർ ഓർ​ഗനൈസേഷൻ എന്ന ഫേസ്ബുക്ക് ​ഗ്രൂപ്പിൽ പിഉണ്ണികൃഷ്ണൻ വെള്ളിയാകുളം എന്നയാൾ തൃപ്തി ദേശായിയുടെ ചിത്രം ഉൾപ്പെടെ ഇട്ട പോസ്റ്റിന് അടിയിലാണ് അഭിജിത്ത് സി നായറുടെ ബലാത്സം​ഗ ആഹ്വാനം. തൃപ്തി മുമ്പും ശബരിമല ചവിട്ടുമെന്ന് പ്രഖ്യാപിച്ചപ്പോഴും ഹിന്ദുത്വവാദികളിൽ നിന്നും ഭീഷണികൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് അവർ പിന്മാറുകയായിരുന്നു. എന്നാൽ വെള്ളിയാഴ്ച പരമോന്നത കോടതിയുടെ വിധി വന്നതോടെയാണ് തൃപ്തി ദേശായി, തിയതി തീരുമാനിച്ച് ഉടൻ തന്നെ ശബരിമലയിൽ എത്തുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെയാണ് ഹിന്ദു വർ​ഗീയവാദികൾ വീണ്ടും ചൊടിച്ചു രംഗത്തെത്തിയിരിക്കുന്നത്.

‘ഫെമിനിസ്റ്റുകളേയും ആവശ്യമില്ലാത്തിനൊക്കെ സമത്വം നേടാൻ പോകുന്നതുങ്ങളേയുമൊക്കെ പിടിച്ച് ഉപയോ​ഗിച്ചുകൂടേ? അതാവുമ്പോൾ അവർക്കു പരാതിയും കാണില്ല… നിന്നു തന്നോളും..’ എന്നാണ് ആഷിജ് തോപ്പിലാൻ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരത്തു താമസിക്കുന്ന ഫോട്ടോ ജേണലിസ്റ്റായ മറ്റൊരാളുടെ ഭീഷണി ഇങ്ങനെ- “മല കേറാൻ വരുന്നവളുമാരെ നാട്ടുകാർ പണികൊടുക്കും. പ്രസവിക്കാൻ കഴിവുള്ളവളാണേ പത്ത് മാസത്തിനകം പെറും. അയ്യപ്പൻന്മാർ വ്രത ശുദ്ധിയോടെ മല കയറും’ എന്നാണ് ഗിരിഷ് കോന്നി എന്നയാളുടെ ഭീഷണി.

കൂട്ടത്തിൽ രൂക്ഷ വിമർശനം ഏറ്റു വാങ്ങേണ്ടി വന്ന പോസ്റ്റ് വയലാര്‍ രാമവര്‍മയുടെ മകനും പ്രശസ്ത ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്ര വർമയുടേതായിരുന്നു. ഗം​ഗയിൽ സ്ത്രീകൾ കുളിക്കുന്ന ചിത്രം പങ്കുവച്ച് ‘അടുത്ത സീസണിൽ പമ്പ’ എന്ന തലക്കെട്ടോടെയായിരുന്നു ശരത്ചന്ദ്ര വർമ ഫേസ്ബുക്കിൽ പങ്കു വച്ചത്.

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsarathchandra.varma.98%2Fposts%2F1768087253289734&width=500″ width=”500″ height=”325″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>

എന്നാൽ കടുത്ത വിമർശനം നേരിട്ട പശ്ചാത്തലത്തിൽ താമസിക്കാതെ തന്നെ അദ്ദേഹം പോസ്റ്റ് പിൻവലിച്ചു നിരുപാധികം മാപ്പ് അഭ്യർത്ഥിക്കുകയും ചെയ്തു.

അതേസമയം സ്ത്രീകൾക്കെതിരെ ബലാത്സം​ഗ ഭീഷണിയും കൊലപാതക ഭീഷണിയും സ്ത്രീവിരുദ്ധ പരാമർശങ്ങളും നടത്തുന്നവർക്കെതിരെ സൈബർ നിയമപ്രകാരം നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച് കേരളാ പൊലീസിനെ ടാ​ഗ് ചെയ്തുള്ള നിരവധി പോസ്റ്റുകളും ഫേസ്ബുക്കിൽ കാണാം.