ഇടുക്കിയില്‍ പര്‍ദ ധരിച്ച് ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ കയറിയ പോലീസുകാരനെ ‘കയ്യോടെ പിടികൂടി’

single-img
30 September 2018

തൊടുപുഴ: സ്വകാര്യ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ പര്‍ദ ധരിച്ചു കയറിയ പോലീസുകാരന് സസ്‌പെന്‍ഷന്‍. കുളമാവ് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നൂര്‍ സമീറിനെയാണ് ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാല്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡു ചെയ്തത്. നൂര്‍ സമീര്‍ ഒളിവിലാണ്.

വെള്ളി രാത്രി എട്ടിനായിരുന്നു സംഭവം. പര്‍ദ ധരിച്ച് പ്രസവ വാര്‍ഡിലേക്ക് കയറിയ ഇയാളെ ഒരു കൂട്ടിരിപ്പുകാരനാണ് തിരിച്ചറിഞ്ഞത്. ബഹളം വെച്ചപ്പോള്‍ ഇയാള്‍ ഇറങ്ങിയോടിയെങ്കിലും സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞു നിര്‍ത്തി. എന്നാല്‍ പോലീസുകാരനാണെന്ന് പറഞ്ഞ് ഇയാള്‍ കുതറിയോടി രക്ഷപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഗുണ്ടാവിരുദ്ധ സ്‌ക്വാഡിലെ അംഗങ്ങളെന്നു ഭീഷണിപ്പെടുത്തി കഞ്ചാവു വില്‍പ്പനക്കാരനില്‍ നിന്നു 96,000 രൂപ തട്ടിയെടുത്ത കേസില്‍ നൂര്‍ സമീറിനെ കൂടാതെ, പൊലീസുകാരായ മുജീബ് റഹ്മാന്‍, സുനീഷ് കുമാര്‍ എന്നിവരെ 2017 ജനുവരിയില്‍ പാലക്കാടു നിന്ന് അറസ്റ്റ് ചെയ്തു ജയിലിലടച്ചിരുന്നു.

ഇതെത്തുടര്‍ന്നു സസ്‌പെന്‍ഷനിലായിരുന്ന മൂവരെയും അടുത്തിടെയാണു തിരിച്ചെടുത്തത്. മുന്‍പും സര്‍വീസില്‍ അച്ചടക്ക നടപടി നേരിട്ടതിനാല്‍ വിശദമായി അന്വേഷണം നടത്തി സര്‍വീസില്‍ നിന്നും പിരിച്ചു വിടുന്ന നടപടി വരെ പരിശോധിക്കുമെന്നും ഇടുക്കി ജില്ലാ പൊലീസ് മേധാവി പറഞ്ഞു.