പീഡനത്തിനിരയായ വിവരം വീഡിയോയിലൂടെ പുറത്തുവിട്ടു: മനുഷ്യാവകാശ പ്രവര്‍ത്തകയ്ക്കു ജയില്‍ ശിക്ഷ

single-img
30 September 2018

ഈജിപ്തില്‍ പീഡനത്തിനിരയായ വിവരം വീഡിയോയിലൂടെ പുറത്തുവിട്ടതിന്റെ പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തക അമല്‍ ഫാത്തിക്ക് രണ്ടു വര്‍ഷത്തെ തടവുശിക്ഷ. ടാക്‌സി ഡ്രൈവര്‍ പീഡിപ്പിച്ച അനുഭവം പങ്കുവച്ച 12 മിനുറ്റ് വീഡിയോ ഇക്കഴിഞ്ഞ മേയിലാണു ഫാത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.

ഒരു പ്രാദേശിക ബാങ്കിലെ സൗകര്യമില്ലായ്മ കാരണമുണ്ടായ ബുദ്ധിമുട്ടുകള്‍, കുത്തഴിഞ്ഞ ഗതാഗത സംവിധാനം തുടങ്ങിവയും വിഡിയോയില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഈജിപ്തിനെക്കുറിച്ചും ഇവര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. സ്ത്രീസുരക്ഷയ്ക്കായി സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം.

വീഡിയോ വൈറലാവുകയും ചില മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തതോടെയാണ് പൊലീസ് ഫാത്തിയെ തേടിയെത്തിയത്. വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഫാത്തി 140 ദിവസത്തിലേറെയായി ജയിലില്‍ കഴിയുന്നു. അതിനിടെ ഒരു നിരോധിത സംഘടനയുമായും ഫാത്തിയ്ക്കു ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ ആരോപിച്ചു.

ഈജിപ്തില്‍ നിലവില്‍ നിരോധിക്കപ്പെട്ടിരിക്കുന്ന ‘ഏപ്രില്‍ 6 യൂത്ത് മൂവ്‌മെന്റുമായി’ ഫാത്തിക്കു ബന്ധമുണ്ടെന്നാണ് ആരോപണം. 2011ല്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച സംഘടനയാണിത്. വിഡിയോ പോസ്റ്റ് ചെയ്ത കേസില്‍ ജാമ്യം ലഭിച്ചെങ്കിലും രാജ്യസുരക്ഷയ്‌ക്കെതിരെ പ്രവര്‍ത്തിച്ചെന്ന കേസില്‍ രണ്ടു വര്‍ഷം തടവുശിക്ഷയ്‌ക്കൊപ്പം 10,000 ഈജിപ്ഷ്യന്‍ പൗണ്ട് (ഏകദേശം 40,000 രൂപ) പിഴശിക്ഷയും വിധിക്കുകയായിരുന്നു. ഫാത്തിക്കെതിരെയുള്ള മറ്റു കേസുകളും വരുംനാളുകളില്‍ കോടതി പരിഗണിക്കും.

സംഭവത്തില്‍ യുഎന്നും ആംനസ്റ്റി ഇന്റര്‍നാഷണലും ഉള്‍പ്പെടെയുള്ള രാജ്യാന്തര സംഘടനകളുടെ പ്രതിനിധികള്‍ പ്രതിഷേധമറിയിച്ചു.