ദര്‍ശനത്തിന് ക്യൂ നില്‍ക്കുമ്പോള്‍ പാഡ് മാറ്റാന്‍ ഓടുമോ; അലി അക്ബറിന്റെ ചോദ്യത്തെ കണ്ടം വഴി ഓടിച്ച് പെണ്‍കുട്ടികള്‍

single-img
30 September 2018

ആര്‍ത്തവസമയത്തും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് സ്ത്രീകള്‍ക്ക് വിലക്കില്ലെന്ന സുപ്രീം കോടതി വിധിക്കെതിരെ സംവിധായകനും എഴുത്തുകാരനുമായ അലി അക്ബര്‍. ആര്‍ത്തവം എന്നത് അശുദ്ധിയല്ലെങ്കിലും ആര്‍ത്തവ രക്തം അശുദ്ദമാണെന്നും, അതുകൊണ്ടുതന്നെ ആര്‍ത്തവമുള്ള ഒരു സ്ത്രീയെ ക്ഷേത്രത്തില്‍ തൊട്ടുകൂടെന്നുള്ള വിശ്വാസവും ഒരാളുടെ അവകാശം തന്നെ എന്ന് പറയുകയാണ് അലി അക്ബര്‍.

എന്നാല്‍ വലിയ തോതിലുള്ള വിമര്‍ശനമാണ് ഇതിനെതിരെ ഉയരുന്നത്. പോസ്റ്റിന് താഴെ നിരവധി പെണ്‍കുട്ടികള്‍ കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ അപമാനിക്കുന്നുവെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്. രണ്ട് പെണ്‍മക്കളുള്ള താങ്കള്‍ തന്നെ ഇങ്ങനെ പറയുന്നത് ആ കുട്ടികളെ അപമാനിക്കലാണെന്നും ചിലര്‍ ചൂണ്ടികാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘ആര്‍ത്തവം അശുദ്ധിയല്ല, എന്നാല്‍ ആര്‍ത്തവ രക്തം ശുദ്ധമല്ല. ഭക്ഷണം അശുദ്ധമല്ല എന്നാല്‍ അതു മലമായി മാറിയാല്‍ അശുദ്ധി തന്നെയാണ്. ജലം ശുദ്ധമാണ് അതു മൂത്രമായി മാറുമ്പോള്‍ അശുദ്ധിയുടെ ഭാഗമാവുന്നു. ശരീരത്തില്‍ നിന്നും പ്രകൃതിയുടെ നിയമപ്രകാരം പുറത്തേക്കു പോകുന്നതെല്ലാം നാം അശുദ്ധിയുടെ ഭാഗമായി കരുതുന്നു തുപ്പലും,കഫവും,മലവും. മൂത്രവും,ആര്‍ത്തവ രക്തവും,ശുക്ലവും ചലവുമെല്ലാം ഇതില്‍ ഉള്‍പ്പെടും.

ഇതെല്ലാം ശരീരം പുറന്തള്ളുമ്‌ബോള്‍ മാത്രമാണ് വേസ്റ്റ് അഥവാ മാലിന്യം ആയി മാറുന്നത്, (ഭക്ഷണത്തില്‍ ഒരു മുടി കണ്ടാല്‍ എന്താ പുകില്)ഈ വേസ്റ്റുകളൊന്നും തന്നെ ശുദ്ധവുമല്ല രോഗവാഹികളാവാന്‍ സാധ്യത ഉള്ളതാണെന്നും ശാസ്ത്രം പറയുന്നു. ഇത് കാലത്തിനപ്പുറം മനസ്സിലാക്കിയ സമൂഹം ഇതിനൊക്കെ ചിട്ടയും ഉണ്ടാക്കി.ഒന്നുകില്‍ കഴുകി വൃത്തിയാക്കുക, അല്ലെങ്കില്‍ തുടര്‍ച്ചയായി ഒഴുകുന്നതാണെങ്കില്‍ ആഗിരണം ചെയ്യുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ശേഖരിച്ചു നശിപ്പിക്കുക എന്നതെല്ലാം അതിപ്രാചീന കാലം മുതല്‍ തുടര്‍ന്ന് വരുന്നതാണ്, ശാസ്ത്രം വളര്‍ന്നപ്പോള്‍ മാര്‍ഗ്ഗങ്ങള്‍ നൂതനമായി എന്ന് മാത്രം.

പ്രാചീന സംസ്‌കാരത്തില്‍ ആര്‍ത്തവം പോലുള്ള ഘട്ടങ്ങളില്‍ സമൂഹത്തില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കുക പോലുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നു എന്നത് സത്യം തന്നെ. ഇന്നും പകരാവുന്ന രോഗാണുക്കള്‍ വിസര്‍ജ്ജ്യങ്ങളില്‍ ഉണ്ടെങ്കില്‍ ആ വ്യക്തിയെ ഒറ്റപ്പെടുത്തി തന്നെയാണ് ചികിത്സിക്കുന്നത്. ആധുനിക സംവിധാനം നിലവിലുണ്ടെങ്കിലും ചില സമയങ്ങളില്‍ പരാജയപ്പെടുന്നതും നേരില്‍ കണ്ടിട്ടുണ്ട്, പാട് വച്ചിട്ടും അമിത രക്തസ്രാവം ഉണ്ടായി ചൂരിദാറിന് പുറത്തേക്കു രക്തം ഒലിച്ചിറങ്ങുന്നത് അസാധാരണമായിട്ടുള്ളതല്ല.

ഈ പരിതഃസ്ഥിതിയിലാണ് ക്ഷേത്രങ്ങളിലും പള്ളികളിലുമൊക്കെ പോവുന്നതില്‍ നിന്നും സ്ത്രീകള്‍ മാറി നില്‍ക്കാന്‍ നിര്‍ബന്ധിതമായായത്.വയറിളക്കം പിടിച്ചാല്‍ വീട്ടില്‍ കഴിയുന്നതും സമാന അവസ്ഥ തന്നെ.

മുന്‍പേ വ്യക്തമാക്കി വിസര്‍ജ്ജ്യങ്ങള്‍ മറ്റുള്ളവരില്‍ അറപ്പുളവാക്കുന്നത് തന്നെയാണ്,അതു കൈകാര്യം ചെയ്യുന്നതും ഒന്നുകില്‍ സ്വയമോ അതല്ല ശാരീരിക ബുദ്ധിമുട്ടുണ്ടെങ്കില്‍ അടുത്തവരോ അല്ലെങ്കില്‍ ആശുപത്രിയിലും മറ്റും അത് സര്‍വീസ് ആയി കരുതുന്നവരോ ആണ്.വൃത്തിയാക്കുന്ന സ്ഥലങ്ങളില്‍ സ്വകാര്യത വേണം താനും.

മലമൂത്രവിസര്‍ജ്ജനം സാധാരണ ഗതിയില്‍ കുറച്ചു സമയം നിയന്ത്രിച്ചു വയ്ക്കാം എന്നാല്‍ ആര്‍ത്തവരക്തസ്രാവം ശാരീരികമായി നിയന്ത്രിക്കാന്‍ അസാധ്യമായതും മുന്‍കരുതല്‍ സ്വീകരിക്കാവുന്നതും മാത്രമാണ് മുന്‍കരുതല്‍ പൂര്‍ണ്ണ വിജയമാണ് എന്ന് ഉറപ്പിക്കാന്‍ കഴിയാത്തതുമാണ്.

ഭാര്യയും രണ്ടു പെണ്‍മക്കളും ഉള്ള ഒരു കുടുംബനാഥന്‍ എന്ന അനുഭവത്തിലാണ് ഇത് കുറിക്കുന്നത്.
ആര്‍ത്തവ ഘട്ടങ്ങളില്‍ സ്ത്രീകള്‍ ആരാധനാലയങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നത് വിശ്വാസം എന്നതിലുപരി ശരീരം എന്ന സത്യത്തിന്റെ കാര്യകാരണങ്ങള്‍ കൂടി കണക്കിലെടുത്താണ് എന്ന് മനസ്സിലാക്കി വേണം വിലയിരുത്തല്‍.

വിസര്‍ജ്ജ്യ വസ്തുക്കള്‍ക്ക് ശുദ്ധിയുടെ സ്റ്റിക്കര്‍ ഒട്ടിച്ചാലും, വിസര്‍ജ്ജ്യം മാത്രമായി തുടരും. അവകാശബോധം നല്ലത് തന്നെ ഒപ്പം നാം ദര്‍ശനത്തിനായി പോവുന്ന ഇടങ്ങള്‍ക്ക് സുമനസ്സുകള്‍ കല്‍പ്പിക്കുന്ന വിശുദ്ധി സ്വന്തം അവകാശത്തിനും മുകളിലാണെങ്കില്‍ അത് മാനിക്കണ്ടേ… നല്ല കച്ചേരി നടക്കുന്നിടത്ത് ക്ഷയരോഗി ചുമച്ചു കൊണ്ടിരുന്നാല്‍ രോഗിയെ കേള്‍വിക്കാര്‍ ഏത് രീതിയില്‍ കാണും,അടച്ചിട്ട മുറിയില്‍ എത്ര വലിയ കൂട്ടുകാരനായാലും ദുര്‍ഗന്ധമുള്ള ഒരു അധോവായു പുറത്തേക്കു വിട്ടാല്‍ നാം മൂക്ക് പൊത്തുകയില്ലേ .

പ്രത്യുല്‍പ്പാദനത്തിന്റെ ദിവ്യദ്രവം ഉല്‍പ്പാദനം നടക്കാതെ പുറത്തേക്കു വരുമ്‌ബോള്‍ മാലിന്യം തന്നെയാണ്.. അതിനു വിശുദ്ധി കല്പിക്കേണ്ടതില്ല. നല്ല തേനും ആപ്പിളും,സുഗന്ധവ്യഞ്ജനങ്ങളുമെല്ലാം പ്രോസസിങ് കഴിഞ്ഞു മലാദ്വാരത്തിലൂടെ പുറത്തേക്കു വരുമ്‌ബോള്‍ ഇന്നലെ താന്‍ അകത്തേക്ക് വിട്ട ശുദ്ധതയില്‍ കൈകൊണ്ടു വാരി ശുദ്ധമായത് എന്ന് ആരും പറയാറില്ല.ജീവന്റെ വിത്താണ് ശുക്ലം അതുകൊണ്ട് അത് പുറത്തു വന്നാല്‍ ശുദ്ധമായഒന്നായി പുരുഷന്‍ കരുതാറില്ല. സ്‌കലനം സംഭവിച്ചാല്‍ അതും അശുദ്ധി തന്നെയായിട്ടാണ് കരുതുന്നത്. എട്ടും പത്തും മണിക്കൂര്‍ ദര്‍ശനത്തിനായി ക്യൂ നില്‍ക്കുമ്‌ബോള്‍ ഒരു പാഡ് മാറ്റാന്‍ പുറത്തേക്കോടേണ്ട അവസ്ഥ എന്താണെന്ന് സുപ്രീം കോടതിയ്ക്ക് അറിയില്ല അതു കൊണ്ടാണ് ആര്‍ത്തവ സമയത്തു ക്ഷേത്രത്തില്‍ പോയാല്‍ കുഴപ്പമില്ല എന്ന തോന്നല്‍ കോടതിക്കുണ്ടാവുന്നത്. ആര്‍ത്തവമുള്ള ഒരു സ്ത്രീയെ ക്ഷേത്രത്തില്‍ തൊട്ടുകൂടെന്നുള്ള വിശ്വാസവും ഒരാളുടെ അവകാശം തന്നെ. സ്ത്രീത്വത്തെ ബഹുമാനിച്ചുകൊണ്ട് അഭിപ്രായം രേഖപ്പെടുത്തുന്നു’.